തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യം മറികടക്കാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 30വരെ വൈദ്യുതി ലോഡ് കുറച്ച് സ്വയം നിയന്ത്രണം പാലിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രധാന പോംവഴി. ഒക്ടോബറോടെ പുതിയതായി 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. സ്വാപ്പ് കരാറുകള്‍ വഴി ലഭിക്കുന്ന വൈദ്യുതി കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താനാകും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യാതൊരു തടസവുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും.
ചൂട് കൂടുമ്പോള്‍ സ്വാഭാവികമായും എസികളുടെ ഉപയോഗം ഉയരുകയും അത് വൈദ്യുതി ലോഡ് വലിയ തോതില്‍ കൂട്ടുകയും ചെയ്യും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുന്‍പ് മാത്രം എസി പ്രവര്‍ത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















