
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഒരിടവേളയ്‌ക്ക് ശേഷം വില വീണ്ടും ഉയരുകയാണ്. ഇന്നലെ പവന് 1,13,040 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,130 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുതിച്ചു. 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,920 രൂപയായി. ഗ്രാമിന് 14,240 രൂപയാണ് നൽകേണ്ടത്. പൊന്നിന്റെ വിലയിലെ ചാഞ്ചാട്ടം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും നെഞ്ചിടിപ്പ് കൂട്ടുകയാണ്.രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്.
ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
പുതിയ പണപ്പെരുപ്പക്കണക്ക് ഈ വരുന്ന വെള്ളിയാഴ്ച പുറത്ത് വരും. പണപ്പെരുപ്പം കൂടിയാൽ യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടിയേക്കും. ഇത് സ്വർണവില കുറയ്‌ക്കും.