
ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്‍ഡ്’ ത്രിദിന ദേശീയ കോണ്‍ക്ലേവില്‍ പേപ്പര്‍ പ്രസന്റേഷനായി ലഭിച്ച പ്രബന്ധങ്ങള്‍ ജന്മഭൂമി കോണ്‍ക്ലേവ് അക്കാദമിക് പങ്കാളി പാനല്‍ വിദഗ്ധര്‍ പരിശോധിക്കും. അക്കാദമിക നിലവാരം, വിഷയ പ്രസക്തി, ഗവേഷണ സ്വഭാവം എന്നിവ പരിഗണിച്ചാണ് പ്രബന്ധങ്ങളുടെ അന്തിമ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങള്‍ ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. പുസ്തകത്തിന്റെ ഔദ്യോഗിക തീം സപ്തംബര്‍ 18ന് കോണ്‍ക്ലേവ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രകാശനം ചെയ്യും.
രാമകഥയുടെ വിവിധ പാരമ്പര്യങ്ങളും ആഖ്യാനങ്ങളും ആഴത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തില്‍ തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങള്‍ക്കു പുറമേ പ്രമുഖ വിദഗ്ധരുടെ ലേഖനങ്ങളും കോണ്‍ക്ലേവിലെ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തും. ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിലനില്‍ക്കുന്ന വ്യത്യസ്ത രാമകഥാ പാരമ്പര്യങ്ങളെ മനസിലാക്കാനുള്ള സമഗ്ര റഫറന്‍സാകും പുസ്തകം.
സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ത്രിദിന ദേശീയ കോണ്‍ക്ലേവ്. സപ്തംബര്‍ 19നും, 20നും കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാള്‍, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.