ലണ്ടന്‍: ഭാവി തലമുറയില്‍ വലിയ വിശ്വാസമുണ്ടെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഈ ലോകം മെച്ചപ്പെട്ടതാക്കാനുള്ള അഭിവാഞ്ഛ അവര്‍ക്കുണ്ട്. അവര്‍ക്ക് രീതികളല്ല, ലക്ഷ്യമാണ് നല്‍കേണ്ടത്. ധാര്‍മ്മികതയുടെയും സമൃദ്ധിയുടെയും ലക്ഷ്യം അവര്‍ വേഗത്തില്‍ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി ആഗോള സമ്പര്‍ക്കത്തിന്റെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിച്ച സെലിബ്രേറ്റിങ് വണ്‍നെസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരോടും ശുദ്ധ സാത്വിക സ്‌നേഹമാണ് ഹിന്ദുവിന്റെ പരമ്പരാഗത സ്വഭാവം. ഒരു ഹിന്ദു കുടുംബവുമായും സമൂഹവുമായും മനുഷ്യത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഹിന്ദു പ്രകൃതിയെ ആരാധിക്കുക മാത്രമല്ല, സ്‌നേഹിക്കുകയും ചെയ്യുന്നു. ഈ സ്വന്തമെന്ന ഭാവമാണ് സംഘ പ്രവര്‍ത്തനത്തിന്റെ ആധാരം, അദ്ദേഹം പറഞ്ഞു. വിവിധത സ്വാഭാവികമാണ്. നമ്മളതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വൈവിധ്യത്തെ തനിമയുടെ, ഏകതയുടെ പലവിധ അലങ്കാരങ്ങളെന്നറിഞ്ഞു കൊണ്ട് ഉള്‍ക്കൊള്ളണമെന്നതാണ് ഹിന്ദു ചിന്താഗതിയെന്ന് സര്‍സംഘചാലക് പറഞ്ഞു.
യുകെ പ്രഭുസഭ (ഹൗസ് ഓഫ് ലോര്‍ഡ്‌സ്) യിലെ അംഗങ്ങള്‍, എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, 326 സംഘടനകളില്‍ നിന്ന് 600 പ്രതിനിധികള്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
















