ഭാരതമാണ് പ്രവര്‍ത്തന കേന്ദ്രമെങ്കിലും ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ആശയലോകം മാനവരാശിയെ മുഴുവന്‍ ആശ്ലേഷിക്കുന്നു. ആര്‍എസ്എസ് ജന്മശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം ഇതാണ് തെളിയിച്ചത്. ആഗോളതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഈ സന്ദര്‍ശനത്തിലൂടെ സനാതന ധര്‍മ്മത്തിന്റെ സന്ദേശമാണ് സര്‍സംഘചാലക് ലോകത്തിന് നല്‍കിയത്.
ഭാരതം വൈദേശിക അടിമത്വത്തിലായിരുന്ന കാലത്താണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ മതമഹാസമ്മേളനത്തില്‍ പങ്കെടുത്ത് ഹിന്ദുധര്‍മ്മത്തിന്റെ മഹത്വം ലോകത്തോട് പ്രഖ്യാപിച്ചത്. സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചതുപോലെ സ്വാതന്ത്ര്യം നേടിയ ഭാരതം ആറ് പതിറ്റാണ്ടിനുശേഷം സ്വന്തം കരുത്തില്‍ മുന്നേറുമ്പോഴാണ് സനാതന ധര്‍മ്മത്തിന് നിര്‍വഹിക്കാനുള്ള ആഗോള ദൗത്യത്തെ സര്‍സംഘചാലകിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഓര്‍മ്മപ്പെടുത്തിയത്.
ന്യൂയോര്‍ക്കിലെ വിഖ്യാതമായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ‘യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ പരിപാടിയെ അഭിസംബോധന ചെയ്യാന്‍ ഡോ. മോഹന്‍ ഭാഗവത് ഒരുങ്ങുന്നതിനിടെ 200 ലേറെ അമേരിക്കന്‍ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും സര്‍സംഘചാലകിന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ആയിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ വിവാദത്തിനപ്പുറം മറ്റൊരു വലിയ കഥയുണ്ട്. അമേരിക്കയില്‍ ആത്മവിശ്വാസത്തോടെ വളര്‍ന്നുവരുന്ന ഹിന്ദു സമൂഹത്തിന്റെ ഉദയമാണത്. തങ്ങളുടെ സാംസ്‌കാരിക സ്വത്വം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാനും, അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ അര്‍ഹമായ സ്ഥാനം അവകാശപ്പെടാനും ഈ സമൂഹം കൂടുതല്‍ സന്നദ്ധരായിക്കൊണ്ടിരിക്കുന്നു.
അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയവും സുപരിചിതവുമായ പൊതുവേദികളിലൊന്നില്‍, സര്‍സംഘചാലകിനെ സ്വീകരിക്കുക എന്നതിലുപരി ‘വസുധൈവ കുടുംബകം’ എന്ന ഭാരതത്തിന്റെ ചിരപുരാതനമായ ആശയം അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനാണ് അമേരിക്കയിലെ ഹിന്ദു സമൂഹം ആഗ്രഹിച്ചത്. അത് വിജയിക്കുകയും ചെയ്തു.
മാഡിസന്‍ സ്‌ക്വയറിലെ വലിയ തുടക്കം
പതിറ്റാണ്ടുകളായി അമേരിക്കയിലെ ഏറ്റവും മികവുറ്റ കുടിയേറ്റ സമൂഹങ്ങളിലൊന്നാണ് ഹിന്ദു-അമേരിക്കക്കാര്‍. അവര്‍ ബിസിനസും സ്ഥാപനങ്ങളും കെട്ടിപ്പടുത്തു. വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, അക്കാദമിക രംഗം, പൊതുജീവിതം എന്നിവയില്‍ പ്രവേശിച്ചു. ക്ഷേത്രങ്ങളും സാമൂഹിക സംഘടനകളും സ്ഥാപിച്ചു. കുടുംബങ്ങള്‍ സംസ്‌കാരത്തെ കൈവിടാതെ അമേരിക്കയില്‍ പൂര്‍ണമായും സ്വന്തം നാടെന്ന പോ
ലെ ജീവിക്കാന്‍ കഴിയുന്ന തലമുറകളെ വളര്‍ത്തിയെടുത്തു. എന്നാല്‍, മറ്റുള്ളവര്‍ക്ക് തങ്ങളെ സാംസ്‌കാരികമായി പരിചയപ്പെടുത്തുന്നതില്‍ അവര്‍ അത്രത്തോളം വിജയിച്ചു എന്നു പറയാനാവില്ല. ഈ കുറവ് നികത്തുന്നതിന് വലിയൊരു തുടക്കമിടാന്‍ സര്‍സംഘചാലകിന്റെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു.
ആര്‍എസ്എസ് അംഗങ്ങള്‍ക്കും അനുഭാവികളായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ‘യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം’ എന്ന സംഘടന യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഭാരതം ഈ ആവശ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. സങ്കുചിത മതതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ മതസംഘടന പക്ഷപാതപരവും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എതിര്‍പ്പുകളെയും വിവാദങ്ങളെയും അപ്രസക്തമാക്കി സര്‍സംഘചാലക് പങ്കെടുത്ത ന്യൂയോര്‍ക്ക് പരിപാടി വലിയ വിജയമായി. ആ വേദിയില്‍ സാര്‍വത്രിക ഏകത്വത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് സര്‍സംഘചാലക് ഊന്നിപ്പറഞ്ഞത്.
വൈവിധ്യത്തോടുള്ള ഭാരതത്തിന്റെ സവിശേഷമായ സമീപനം ഇവിടുത്തെ പ്രസംഗത്തില്‍ സര്‍സംഘചാലക് എടുത്തുപറഞ്ഞിരുന്നു. വൈവിധ്യങ്ങളെ ഐക്യത്തിന് തടസ്സമായി കാണുന്നതിനുപകരം, ഭാരതം പണ്ടുമുതലേ അവയെ വിശാലമായ ഐക്യത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നതെന്ന അഭിപ്രായമാണ് സര്‍സംഘചാലക് പങ്കുവച്ചത്.
”ഭാരതീയര്‍ സചേതനവും അചേതനവുമായ രണ്ടിനെയും തങ്ങളുടേതായി കാണുന്നു… വൈവിധ്യത്തില്‍ ഐക്യം കാണാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഭാരതത്തില്‍ വൈവിധ്യം ഒരിക്കലും ഐക്യത്തിന് തടസ്സമാകാത്തത്. നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് വൈവിധ്യത്തില്‍ ഐക്യം മാത്രമല്ല, വൈവിധ്യം തന്നെ ഐക്യത്തിന്റെ ഒരു രൂപമാണെന്നാണ്.”
തന്റെ കാഴ്ചപ്പാടിനെ സര്‍സംഘചാലക് ‘വസുധൈവ കുടുംബകം’ എന്ന ആശയവുമായി ബന്ധപ്പെടുത്തി. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന പുരാതന ഹൈന്ദവ ആശയമാണിത്. കാഴ്ചയിലെയും രൂപത്തിലെയും വ്യത്യാസങ്ങള്‍ക്കപ്പുറം പൊതുവായ മാനവികതയെ തിരിച്ചറിയാന്‍ ഈ തത്വം മനുഷ്യരോട് ആവശ്യപ്പെടുന്നുവെന്നാണ് സര്‍സംഘചാലക് പറഞ്ഞത്.
കാനഡയില്‍ കണ്ടത് പുത്തനുണര്‍വ്
ഭാരതം എത്രത്തോളം ശക്തമായിത്തീരുന്നു എന്നതുകൊണ്ടല്ല, മറിച്ച് കൂടുതല്‍ ഐക്യമുള്ള ഒരു മാനവരാശിക്കായി എത്രത്തോളം സംഭാവന ചെയ്യുന്നു എന്നതിലൂടെയായിരിക്കണം ഭാരതത്തിന്റെ ഉയര്‍ച്ചയെ അളക്കേണ്ടതെന്ന് കാനഡയിലെ ഭാരത സമൂഹത്തെ സര്‍സംഘചാലക് അറിയിച്ചു. ടൊറന്റോയിലെ നിറഞ്ഞ സദസ്സില്‍ സേവനം, വൈവിധ്യം, ആഗോള സൗഹൃദം എന്നിവയില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ സാംസ്‌കാരിക ദര്‍ശനമാണ് സര്‍സംഘചാക് അവതരിപ്പിച്ചത്.
ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ലോകം ഉണരുമെന്നായിരുന്നു ‘ഭാരതത്തിന്റെ ഡിഎന്‍എ’യെ പരാമര്‍ശിച്ചുകൊണ്ടുള്ള സര്‍സംഘചാലകിന്റെ വാക്കുകള്‍. മറ്റുള്ളവര്‍ക്ക് സഹായഹസ്തം നീട്ടുന്ന ഭാരതത്തിന്റെ പാരമ്പര്യത്തെ ഊന്നിപ്പറയുകയും ചെയ്തു. ‘ഹിന്ദു വിശ്വബന്ധു- സൗഹൃദത്തോടെ ലോകത്തെ ചേര്‍ത്തുപിടിക്കുക’ എന്ന പരിപാടിയിലായിരുന്നു ഈ ആശയം അവതരിപ്പിച്ചത്.
”അന്ന് ഭാരതത്തെ ഒരു സൂപ്പര്‍ പവര്‍ എന്നു വിളിക്കാമായിരുന്നു, പക്ഷേ അത് ഒരു ‘സൂപ്പര്‍പവര്‍’ ആയിരുന്നില്ല. അത് ലോകത്തിന് സേവനം നല്‍കി. സ്വഭാവത്തിലൂടെ അത് ‘വിശ്വഗുരു’ ആയി മാറി. ‘വന്‍ശക്തി’ ആയിരുന്നില്ല. അതുകൊണ്ട് ഭാരതത്തിന്റെ ഉയര്‍ച്ച എന്നതിന്റെ അര്‍ത്ഥം കൂടുതല്‍ ഐക്യമുള്ളതും കൂടുതല്‍ വിമോചിതവുമായ മാനവരാശിയെന്നതാണ്.”
അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമാണ് സര്‍സംഘചാലക് കാനഡ സന്ദര്‍ശിച്ചത്. കനേഡിയന്‍ ഹിന്ദൂസ് ഫോര്‍ ഔട്ട് റീച്ച്, റിലേഷന്‍സ് ആന്‍ഡ് ഡയലോഗ് (CHORD) സംഘടിപ്പിച്ച ടൊറന്റോ പരിപാടിയില്‍ മുന്‍ കനേഡിയന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആല്‍ബര്‍ട്ട പ്രധാനമന്ത്രിയുമായ ജേസണ്‍ കെന്നിയും പങ്കെടുത്തിരുന്നു. കാനഡ-ഭാരത ബന്ധത്തില്‍ വീണ്ടും ഉണ്ടായിരിക്കുന്ന ഉണര്‍വിനെ കെന്നി ഇങ്ങനെ സ്വാഗതം ചെയ്യുകയുണ്ടായി. ”ഈ വര്‍ഷം അവസാനം പ്രധാനമന്ത്രി മോദിയുടെ കാനഡയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിലൂടെ പ്രതിഫലിക്കാനിരിക്കുന്ന കാനഡ-ഭാരത ബന്ധത്തിലെ പുതിയ ഉണര്‍വ് കാണുന്നത് വളരെ സന്തോഷകരമാണ്.”
കാനഡയിലെ എട്ട് പ്രവിശ്യകളില്‍ നിന്നായി 3000 ലേറെ ഹിന്ദുക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മുന്‍ റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ കാര്‍ത്തിക് ത്രിവേദി, സര്‍സംഘചാലക് ആ രാജ്യം സന്ദര്‍ശിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറഞ്ഞത്. ”ഞാന്‍ 15 വര്‍ഷം കാനഡയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിമാനിയായ ഒരു ഹിന്ദു എന്ന നിലയിലുള്ള എന്റെ വ്യക്തിത്വം ഞാന്‍ എപ്പോഴും നിലനിര്‍ത്തിയിട്ടുമുണ്ട്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ കേള്‍ക്കാനുള്ള നല്ലൊരു അവസരമാണിത്.”
വൈവിധ്യവും ഐക്യവും ഭാരതത്തിന്റെ ഡിഎന്‍എ
സേവനത്തിന്റെ മനോഭാവം ഭാരതത്തിന്റെ സ്വഭാവത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നതാണെന്ന് ടൊറന്റോയിലെ പ്രസംഗത്തില്‍ സര്‍സംഘചാലക് എടുത്തുപറയുകയുണ്ടായി. ”ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ളവര്‍ ഭാരതത്തോട് സഹായം ആവശ്യപ്പെട്ടപ്പോഴെല്ലാം അത് ഒരിക്കലും നിരസിച്ചിട്ടില്ല. ആരെങ്കിലും ആവശ്യപ്പെടുന്നതിനു മുന്‍പുതന്നെ ഭാരതം സഹായഹസ്തം നീട്ടുന്നു. ഇതാണ് നമ്മുടെ പാരമ്പര്യം, ഭാരതത്തിന്റെ ഡിഎന്‍എ. അതുകൊണ്ടാണ് നിങ്ങള്‍ ‘ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ലോകം ഉണരും’ എന്ന ചൊല്ല് കേട്ടിട്ടുണ്ടാകുക.”
ഏഷ്യയില്‍ നിന്ന് ലോകത്തിന്റെ വിദൂര ഭാഗങ്ങളിലേക്കുവരെ ഭാരതത്തിന്റെ പൂര്‍വ്വികര്‍ നടത്തിയ യാത്രകളെ ഇതിന് ഉദാഹരണമായി സര്‍സംഘചാലക് ചൂണ്ടിക്കാട്ടുകയുണ്ടായി. രാഷ്‌ട്രീയാധിപത്യം സ്ഥാപിക്കുക എന്നതല്ല, അറിവ് പങ്കുവയ്‌ക്കുക എന്നതായിരുന്നു വിദൂരതീരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഭാരതത്തിലെ പൂര്‍വ്വികരുടെ ലക്ഷ്യമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടുകയുണ്ടായി.
”ഞങ്ങള്‍ അത് ചെയ്തു. വളരെക്കാലം മുന്‍പ്, റോഡുകളോ വഞ്ചികളോ വിമാനങ്ങളോ മോട്ടോര്‍ വാഹനങ്ങളോ ഇല്ലാതിരുന്ന കാലത്ത്-കാളവണ്ടികളും കുതിരകളും മാത്രമുണ്ടായിരുന്ന സമയത്ത്-നമ്മുടെ പൂര്‍വ്വികര്‍ മെക്‌സിക്കോ മുതല്‍ സൈബീരിയ വരെയുള്ള പ്രദേശങ്ങളിലേക്ക് പോയി അവര്‍ക്കെല്ലാം അറിവ് പകര്‍ന്നു. അവര്‍ കാല്‍നടയായി ഹിമാലയം കടന്നു, ചൈനയിലേക്ക് പോയി. സൈബീരിയയിലേക്കും മംഗോളിയയിലേക്കും പോയി. ചെറിയ വഞ്ചികളില്‍ അവര്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് പോയി… അവര്‍ എന്താണ് ചെയ്തത്? അവര്‍ ഒരു രാജ്യവും കീഴടക്കിയില്ല; ആരെയും മതപരിവര്‍ത്തനം ചെയ്തില്ല.”
സര്‍സംഘചാലകിന്റെ അമേരിക്ക, കാനഡ സന്ദര്‍ശനത്തിന് 100 ലേറെ സംഘടനകളുടെ പിന്തുണയാണ് ലഭിച്ചത്. സന്ദര്‍ശനത്തിനെതിരായ കുപ്രചാരണങ്ങള്‍ തകര്‍ന്നടിഞ്ഞു. സര്‍സംഘചാലകിന്റെ സന്ദര്‍ശനത്തെ അനുകൂലിച്ച് 100 ലേറെ സംഘടനകള്‍ കനേഡിയന്‍ സര്‍ക്കാരിന് കത്തെഴുതി. ആര്‍എസ്എസ് സര്‍സംഘചാലകിനെ കാനഡ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും, കാനഡയില്‍ പ്രവേശിക്കാന്‍ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാരിനോട് കനേഡിയന്‍ ഹിന്ദു സംഘടനകളും പൗരാവകാശ കൂട്ടായ്‌മകളും ആവശ്യപ്പെടുകയുണ്ടായി.
മോഹന്‍ ഭാഗവതിന്റെ കാനഡ സന്ദര്‍ശനത്തിന് ആ രാജ്യത്തെ ഹിന്ദു സമൂഹത്തില്‍ വലിയ താല്‍പ്പര്യമുണ്ടെന്ന് കത്തില്‍ ഒപ്പുവച്ച സംഘടനകള്‍ അഭിപ്രായപ്പെടുകയുണ്ടായി. കത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്:
”നൂറിലേറെ കനേഡിയന്‍ സംഘടനകളുടെയും പൗരസ്വാതന്ത്ര്യ കൂട്ടായ്‌മകളുടെയും പ്രതിനിധികളായ ഞങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ കാനഡയിലേക്കുള്ള നിര്‍ദ്ദിഷ്ട സന്ദര്‍ശനത്തിന് പിന്തുണ അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. ഹിന്ദു പൈതൃകമുള്ള ഒരു ദശലക്ഷത്തിലേറെ കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള കാനഡയിലെ ഹിന്ദു സമൂഹത്തിന് ഈ സന്ദര്‍ശനം വലിയ താല്‍പ്പര്യമുള്ളതാണ്.”
അന്നു പറഞ്ഞതിന്റെ ആവര്‍ത്തനം
ഡോ. മോഹന്‍ ഭാഗവത് ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന മട്ടിലായിരുന്നു ഭാരതത്തിലെ ചില മാധ്യമങ്ങളുടെ പ്രചാരണം. വൈവിധ്യത്തെ അംഗീകരിക്കുകയും, ബഹുമത സമൂഹത്തെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്നുമൊക്കെ മോഹന്‍ ഭാഗവത് പറഞ്ഞത് അമേരിക്കയിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഇക്കൂട്ടരാണ്. മുസ്ലിങ്ങള്‍ ഇല്ലാത്ത ഭാരതത്തെ സങ്കല്‍പ്പിക്കുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സര്‍സംഘചാലക് പറയുകയുണ്ടായി. എന്നാല്‍ ഇതേ കാര്യം വളരെ വര്‍ഷങ്ങളായി സര്‍സംഘചാലക് പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഹിന്ദുത്വത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലാത്ത ചില ഹിന്ദു സംഘടനകളും ഇതിനെ വിമര്‍ശിക്കുകയുണ്ടായി. ഇത് ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് സര്‍സംഘചാലക് പുതിയ കാര്യം പറയുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചത്.
2018 സെപ്തംബറില്‍ അമേരിക്കയില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ സര്‍സംഘചാലക് പങ്കെടുത്തിരുന്നു. ഏറെക്കുറെ ഒരേ കാര്യം തന്നെയാണ് അന്ന് പറഞ്ഞതും. 1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോകമത മഹാ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനമായിരുന്നു ഇത്.
വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഹിന്ദു സമൂഹം ഒന്നിച്ചുചേരുകയും, ഒരു സമൂഹമെന്ന നിലയില്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും വേണമെന്ന് സര്‍സംഘചാലക് ആഹ്വാനം ചെയ്തിരുന്നു. ഹിന്ദു സമൂഹം സംതൃപ്തിയോടെ വെറുതെയിരുന്നുകൂടാ. ഹിന്ദുക്കള്‍ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള യാതൊരു ആഗ്രഹവുമില്ലെന്നും, പുരോഗതിക്കായി ഹിന്ദു സമൂഹം സ്വായത്തമാക്കേണ്ട ഏറ്റവും വലിയ ഗുണങ്ങള്‍ സഹകരണവും ഏകത്വവുമാണെന്നും 2,500 പേരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നും സര്‍സംഘചാലക് പറയുകയുണ്ടായി.
”ഒരു സിംഹം ഒറ്റയ്‌ക്കായാല്‍ കാട്ടുനായ്‌ക്കള്‍ക്ക് അതിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊല്ലാന്‍ കഴിയും. ഇക്കാര്യം നമ്മള്‍ മറന്നുകൂടാ. ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആധിപത്യം സ്ഥാപിക്കാനുള്ള യാതൊരു ആഗ്രഹവും ഞങ്ങള്‍ക്കില്ല. കീഴടക്കലിന്റെയോ കോളനിവല്‍ക്കരണത്തിന്റെയോ ഫലമല്ല ഞങ്ങളുടെ സ്വാധീനം.”
പുരോഗതിക്കായി നേതൃത്വത്തോടുള്ള തത്വാധിഷ്ഠിതമായ അടുപ്പം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം, ക്ഷമ എന്നിവയുടെ പ്രാധാന്യവും, ഒരു കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ അതനുസരിച്ച് ഒരുമിച്ച് മുന്നേറേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം മഹാഭാരതത്തെ മുന്‍നിര്‍ത്തി സര്‍സംഘചാലക് അന്ന് വിശദീകരിക്കുകയുണ്ടായി.
”നമ്മുടെ മൂല്യങ്ങള്‍ സാര്‍വത്രികമാണ്. ഹിന്ദു സമൂഹത്തില്‍ നിരവധി കഴിവുറ്റ വ്യക്തികളുണ്ട്. അവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.” ആര്‍എസ്എസ് ‘ആധുനിക വിരുദ്ധമാണ്’ എന്ന വിമര്‍ശകരുടെ വാദത്തെ പരിഹസിച്ചുകൊണ്ട് സര്‍സംഘചാലക് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ”ഇതിനെക്കുറിച്ച് നമ്മുടെ എതിരാളികള്‍ക്ക് മാത്രമേ അറിയൂ. നമ്മുടെ സ്വന്തം ആളുകളില്‍ പലര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. ആയിരം വര്‍ഷമായി നമ്മള്‍ എന്തുകൊണ്ടാണ് ദുരിതമനുഭവിക്കുന്നത്? നമുക്ക് എല്ലാം ഉണ്ടായിരുന്നു, എല്ലാം അറിയാമായിരുന്നു. എന്നാല്‍ നമുക്കറിയാവുന്ന കാര്യങ്ങള്‍ പ്രാ
വര്‍ത്തികമാക്കാന്‍ നമ്മള്‍ മറന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാനും നമ്മള്‍ മറന്നു. ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്നതിനുള്ള പ്രധാന മൂല്യങ്ങളിലൊന്ന് അഹങ്കാരം നിയന്ത്രിക്കുകയും, സമവായം അംഗീകരിക്കാന്‍ പഠിക്കുകയും ചെയ്യുക എന്നതാണ്. ശ്രീകൃഷ്ണനും യുധിഷ്ഠിരനും ഒരിക്കലും പരസ്പരം വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നില്ല.
”കൂട്ടായി ചിന്തിക്കുക, ധീരമായി ലക്ഷ്യം കൈവരിക്കുക’ എന്നതാണ് നാം സ്വീകരിക്കുന്ന ഹിന്ദു തത്ത്വം. നമ്മള്‍ ഒരേസമയം പ്രാചീനരും ഉത്തരാധുനികരുമാണ്. ഇനി 20 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യരാശിക്ക് എന്താണ് ആവശ്യമാകുകയെന്ന് നമ്മള്‍ ഇന്നു തന്നെ ചിന്തിക്കുകയാണ്. നാമെല്ലാവരും ഒരുമിച്ച് ചേരണം. ഇന്ന് ആളുകള്‍ക്ക് നമ്മുടെ ജ്ഞാനസമ്പത്ത് വളരെയധികം ആവശ്യമുണ്ട്.”
ഓരോ രാഷ്‌ട്രത്തിനും ലോകത്തിനു നല്‍കാന്‍ അതിന്റേതായ ഒരു സന്ദേശമുണ്ടന്നാണല്ലോ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നത്. ഭാരതത്തിന്റെ കാര്യത്തില്‍ അത് ആത്മീയതയില്‍ അധിഷ്ഠിതമായ സാമൂഹ്യ രചനയാണ്. ഹിന്ദുത്വമാണ് ഇതിന്റെ കാതല്‍. ഉരുത്തിരിയുന്ന ലോകക്രമം ഉറ്റുനോക്കുന്നത് ഭാരതത്തിലേക്കാണ്.

















