Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഇതിനായി ജന്മഭൂമി ഔദ്യോഗിക വെബ്‌സൈറ്റ് ംംം. ഷമിാമവൗാശ.ശി വഴി ഡെലിഗേറ്റായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഡെലിഗേറ്റ് രജിസ്‌ട്രേഷന് അക്കാദമിക് രംഗത്തുനിന്നും ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സര്‍വകലാശാലകള്‍ എന്നിവരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോണ്‍ക്ലേവ്. 18ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 19, 20 തീയതികളില്‍ കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാളിന്റെയും സര്‍ബാനന്ദ സോനോവാളിന്റെയും സാന്നിദ്ധ്യമുണ്ടാകും.
രാമകഥയുടെ ഭാരതീയവും ആഗോളവുമായ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും ആവിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രാദേശിക രാമായണ പാരമ്പര്യങ്ങള്‍, സാഹിത്യ വ്യാഖ്യാനങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍, കല, തത്ത്വചിന്ത, സമൂഹം എന്നിവയില്‍ രാമകഥ ചെലുത്തിയ സ്വാധീനം എന്നിവ മുന്‍നിര്‍ത്തിയുള്ള വിവിധ സെഷനുകള്‍ക്ക് പുറമെ ക്വിസ്, രാമകഥ ട്രെയില്‍ ക്യാമ്പസ് ട്രഷര്‍ ഹണ്ട്, ഡിസൈന്‍ ചലഞ്ച്, എഐ ആന്‍ഡ് ഡിജിറ്റല്‍ ഹെറിറ്റേജ് ലാബ്, കേസ് സ്റ്റഡി മത്സരം, രാമായണ ടൂറിസം ഐഡിയത്തോണ്‍, ലീഡര്‍ഷിപ്പ് ഡയലോഗ്, പോസ്റ്റര്‍ പ്രസന്റേഷന്‍ ആന്‍ഡ് എക്‌സിബിഷന്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി മത്സരം, രാമായണ ഹെറിറ്റേജ് ഫോട്ടോഗ്രഫി ആന്‍ഡ് റീല്‍ മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ‘രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ എന്ന പ്രമേയത്തെ ആസ്പദമാക്കി ദക്ഷിണ മേഖല സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എത്തുന്ന കലാകാരന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ സാംസ്‌കാരിക സായാഹ്നങ്ങളുടെ മാറ്റുകൂട്ടും.