
ഗാര്‍ഗ്ഗാചാര്യര്‍ കൃഷ്ണനോട് ചോദിച്ചു, ‘നീ ഈ കാര്യങ്ങളെയെല്ലാം അല്പം പെരുപ്പിച്ചു കാണുന്നതല്ലേ?’
കൃഷ്ണന്‍ പറഞ്ഞു, ‘അല്ല, ഞാന്‍ ഇതൊന്നും വലുതാക്കി കാണിക്കുകയല്ല. ഇതാണ് സത്യം. ഇതാണ് സത്യമെന്ന് എനിക്കറിയാം.’
ഇതുകേട്ട ഗാര്‍ഗ്ഗാചാര്യര്‍ പറഞ്ഞു ”നീ ലോകത്തെ രക്ഷിക്കാനായി നിയോഗിക്കപ്പെട്ടവനാണ്. ഈ ലോകത്തില്‍ നിനക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.”
‘എനിക്ക് ഒരു രക്ഷകനാകാന്‍ ആഗ്രഹമില്ല. ഇവിടെ ഉള്ള പശുക്കളെയും കാളകളെയും, സ്ത്രീകളെയും പുരുഷന്മാരെയും, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും, ഇവിടുത്തെ മലനിരകളെയും മരങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. എവിടെയും പോയി ആരെയും രക്ഷിക്കാനോ ഒന്നിനെയും സംരക്ഷിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്നു. ആരെയും രക്ഷിക്കണമെന്നില്ല എനിക്ക്. എനിക്ക് ഇവിടെത്തന്നെ ജീവിച്ചാല്‍ മതി,’ കൃഷ്ണന്‍ അദ്ദേഹത്തോട് പറഞ്ഞു.
അപ്പോള്‍ കൃഷ്ണന്റെ ജനനത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തേണ്ട സമയമായെന്ന് ഗാര്‍ഗ്ഗാചാര്യര്‍ക്ക് ബോധ്യമായി. നാരദമുനി നടത്തിയ പ്രവചനത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും, കൃഷ്ണന്‍ നന്ദന്റെയും യശോദയുടെയും മകനല്ലെന്ന സത്യം ആദ്യമായി അവനോട് വെളിപ്പെടുത്തുകയും ചെയ്തു. ജനനം മുതല്‍ കൃഷ്ണന്‍ അവരോടൊപ്പമാണ് വളര്‍ന്നത്. എന്നാല്‍, പെട്ടെന്ന് താന്‍ അവരുടെ മകനല്ലെന്ന് ഗാര്‍ഗ്ഗാചാര്യര്‍ പറഞ്ഞപ്പോള്‍, കൃഷ്ണന്‍ കുറച്ചുനേരം നിശബ്ദനായി അവിടെ നിന്നുപോയി. തന്റെ ഉള്ളില്‍ എപ്പോഴും എന്തൊക്കെയോ അലയടിക്കുന്നുണ്ടായിരുന്നുവെങ്കിലും, അവന്‍ അതൊക്കെ അവഗണിച്ച് അന്നുവരെയുള്ള ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ഗാര്‍ഗ്ഗാചാര്യര്‍ ഇതുപറഞ്ഞ നിമിഷം, അവന്റെ ഉള്ളില്‍ അടക്കിവെച്ചിരുന്ന പലതും ഒരുമിച്ച് ഉയര്‍ന്നുവന്നു. കൃഷ്ണന്‍ തന്റെ ഉള്ളില്‍ പൂര്‍ണ്ണമായ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോയി. കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതരാന്‍ അവന്‍ ഗാര്‍ഗ്ഗാചാര്യരോട് അഭ്യര്‍ത്ഥിച്ചു.
ഗാര്‍ഗ്ഗാചാര്യര്‍ പറഞ്ഞു, ”നാരദന്‍ നിന്നെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ലക്ഷണങ്ങളും സൂചിപ്പിക്കുന്നത്, അത് നീ തന്നെയാണെന്നാണ്. അനേകം മഹര്‍ഷിമാര്‍ പ്രവചിച്ച ആ വ്യക്തി നീ തന്നെയാണ്. ജനനത്തിന്റെ തീയതിയും സമയവും സ്ഥലവും എല്ലാം കൃത്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. നീ അതിനെയെല്ലാം ശരിവെയ്‌ക്കുന്നു. ഇത് തെറ്റാകാന്‍ വഴിയില്ല.’
കൃഷ്ണന്‍ താന്‍ ജീവിച്ചിരുന്ന സമൂഹത്തോട് അത്രയേറെ പ്രതിബദ്ധതയുള്ളവനായിരുന്നു. ചുറ്റുമുള്ള മനുഷ്യരോട് അദ്ദേഹത്തിന് ആഴത്തിലുള്ള സ്‌നേഹവും ആത്മബന്ധവുമുണ്ടായിരുന്നു. എന്നാല്‍, താന്‍ ഇവിടുത്തെ ആളല്ലെന്നും, മറ്റാരുടെയോ മകനാണെന്നും, മഹത്തായ ഒരു ദൗത്യം നിര്‍വഹിക്കാന്‍ താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള വെളിപ്പെടുത്തല്‍ അവനില്‍ വലിയൊരു ആഘാതമായി പതിച്ചു. കൃഷ്ണന്‍ നിശബ്ദനായി നിന്നു, പിന്നീട് പതുക്കെ ഗോവര്‍ദ്ധനപര്‍വ്വതത്തിന്റെ ദിശയിലേക്ക് നടന്നു. മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് കയറി, അസ്തമിച്ചുകൊണ്ടിരുന്ന സൂര്യനെ നോക്കി അദ്ദേഹം അവിടെ നിന്നു. പെട്ടെന്ന്, അതിരുകളില്ലാത്ത ഒരു ആത്മശക്തി അദ്ദേഹത്തിനുള്ളിലൂടെ പ്രവഹിച്ചു. അത് അദ്ദേഹത്തിന്റെ സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷമായിരുന്നു. ഉള്ളിലെ അനേകം സത്യങ്ങള്‍ തിരിച്ചറിഞ്ഞും അനുഭവിച്ചും മണിക്കൂറുകളോളം അദ്ദേഹം അവിടെത്തന്നെ നിന്നു. ആ മലയിറങ്ങി താഴേക്ക് വരുമ്പോള്‍ കൃഷ്ണന്‍ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയായി മാറിക്കഴിഞ്ഞിരുന്നു. ആ കുസൃതിക്കാരനായ ഗോപാലകന്‍ ഇല്ലാതായിരിക്കുന്നു. പകരം, അദ്ദേഹത്തില്‍ പുതിയൊരു ശാന്തത ദൃശ്യമായി. അതോടൊപ്പം, തികച്ചും പുതിയൊരു ഗാംഭീര്യവും ദൈവീകതയും നിറഞ്ഞുനിന്നു. അദ്ദേഹം താഴേക്ക് നടന്നിറങ്ങിയപ്പോള്‍, അന്നുവരെ ഒപ്പം കളിച്ചുചിരിക്കുകയും കൃഷ്ണന്റെ നൃത്തവും സംഗീതവും ആസ്വദിക്കുകയും ചെയ്ത മനുഷ്യര്‍, കാരണമറിയാതെ തന്നെ അദ്ദേഹത്തിന് മുന്നില്‍ നമിച്ചു. അവിടെനിന്ന് യാത്രയാകേണ്ട സമയമായി എന്ന് അദ്ദേഹം അറിഞ്ഞു.
(അവസാനിച്ചു)