മുംബയ്:കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ വികസനശേഷിയും കൈകോര്‍ത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതല്‍ സംഭാവന നല്‍കണമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആഹ്വാനം ചെയ്തു.മഹാരാഷ്‌ട്രയില്‍ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികള്‍ ഈ നാടിന്റെ അവിഭാജ്യഘടകമാണെന്നും ഇവിടുത്തെ വികസനം തങ്ങളുടെ സ്വന്തം വികസനമായി കണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഓരോ പൗരനും സ്വന്തം സംഭാവനയെക്കുറിച്ച് ചിന്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.മുംബയ് കേരള സമാജത്തിന്റെ ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഓണം എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ദേശീയ ഐക്യത്തിന്റെ മാതൃകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മഹാബലിയുടെ സ്മരണയിലൂടെ സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓണം നല്‍കുന്നത്. ഭാരതത്തിന്റെ അടിസ്ഥാന സംസ്‌കാരം ഒന്നുതന്നെയാണെങ്കിലും വിവിധ പ്രദേശങ്ങളില്‍ അതിന് വ്യത്യസ്ത രൂപങ്ങളും നിറങ്ങളുമുണ്ട്. മഴവില്ലിലെ നിറങ്ങള്‍ ഒന്നുചേര്‍ന്ന് മനോഹരമായ ദൃശ്യമാകുന്നതുപോലെ ഭാരതത്തിന്റെ വൈവിധ്യവും ഐക്യവും രാജ്യത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
”ഭാരതം എപ്പോഴൊക്കെ ഒന്നായിട്ടുണ്ടോ, അപ്പോഴൊക്കെ ഭാരതം ശ്രേഷ്ഠമായിട്ടുണ്ട്” എന്ന ചരിത്രപാഠം ഉള്‍ക്കൊള്ളണം. ‘ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ആശയം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ആവശ്യം. കേരളത്തില്‍നിന്ന് മഹാരാഷ്‌ട്രയിലെത്തിയവര്‍ വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. മഹാരാഷ്‌ട്രയുടെ സംസ്‌കാരവും വികസനവും തങ്ങളുടേതാണെന്ന ബോധ്യത്തോടെ മലയാളി സമൂഹം കൂടുതല്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
2047ല്‍ വികസിത ഭാരതം എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം സ്വപ്നമല്ല, ഓരോ ഭാരതീയന്റെയും സ്വപ്നമായിരിക്കണം. ”വികസിത ഭാരതത്തിലേക്കുള്ള വഴി വികസിത മഹാരാഷ്‌ട്രയിലൂടെയാണ് കടന്നുപോകുന്നത്”. താന്‍ രാജ്യത്തിന്റെ വികസനത്തിന് എന്ത് സംഭാവന നല്‍കുമെന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആത്മനിര്‍ഭര ഭാരതം എന്ന ആശയം ജീവിതത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ മുദ്രാവാക്യത്തില്‍ ഒതുങ്ങാതെ ഭാരതത്തില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയുന്നിടത്തോളം മുന്‍ഗണന നല്‍കണം. വാച്ച്, പേന, കണ്ണട, വസ്ത്രം, ചെരുപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണെങ്കില്‍ അവ ഉപയോഗിക്കുന്ന ശീലം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക പൈതൃകവും ഗവര്‍ണര്‍ അനുസ്മരിച്ചു. ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും നാടായ കേരളത്തിന്റെ സന്ദേശം ലോകമെമ്പാടും എത്തിക്കണം. ശ്രീനാരായണ ഗുരുവിന്റെ സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശം കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഗോശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സാമൂഹിക സേവന സംവിധാനങ്ങള്‍ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വലിയ ജനക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ കേരളം പുലര്‍ത്തുന്ന അച്ചടക്കവും മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണം ആഘോഷിക്കുന്നതിനൊപ്പം ദേശീയ ഐക്യത്തിനും ആത്മനിര്‍ഭരതയ്‌ക്കും വികസിത ഭാരതത്തിനുമായി പുതിയ പ്രതിജ്ഞയെടുക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. മുംബൈ കേരള സമാജം ഭാരവാഹികളായ ഡോ. എസ്. രാജശേഖരന്‍ നായര്‍, ക്യാപ്റ്റന്‍ കെ. ദേവദാസ്, സെക്രട്ടറി എ. ആര്‍. ദേവദാസ്, ട്രഷറര്‍ എം. വി. രവി, ജോയിന്റ് സെക്രട്ടറി കെ. ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















