തൃശൂര്‍:കൈപ്പമംഗലത്ത് തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവര്‍ പൊലീസ് പിടിയിലായി. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെയെ കൈപ്പമംഗലം മൂന്നുപീടികയില്‍ സംശയാസ്പദമായി കണ്ടതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഇയാളെ കൈപ്പമംഗലം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.വെള്ളിയാഴ്ച അര്‍ധരാത്രി അപകടം നടന്നപ്പോള്‍ തന്നെ സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
ഇയാള്‍ക്കായി പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച കൈപ്പമംഗലം മൂന്നുപീടികയില്‍ ഇയാളെ നാട്ടുകാര്‍ സംശയാസ്പദമായി കണ്ടത്. പ്രദേശത്ത് അപരിചിതനായ ഒരാളെ കണ്ടതോടെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് നേരത്തെ തന്നെ കയ്‌പമംഗലം പൊലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി 11.45ഓടെ ദേശീയപാത 66ല്‍ കയ്‌പമംഗലം പനമ്പിക്കുന്നില്‍ ആണ് ദാരുണ അപകടം ഉണ്ടായത്. ദേശീയപാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗതം വഴിതിരിച്ചുവിട്ടിരുന്ന ഭാഗത്ത്, യാതൊരു മുന്നറിയിപ്പുമില്ലാതെ അനധികൃതമായി നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്‌ട്ര രജിസ്‌ട്രേഷന്‍ ചരക്കുലോറിയുടെ പിന്നിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അതിവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു.















