Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ. മുരളീധരന്‍.ശബരിമലയില്‍ തിരുവോണത്തിന് ഒരേ പന്തിയില്‍ രണ്ട് തരം വിളമ്പല്‍ നടത്തി. ജീവനക്കാര്‍ക്ക് സദ്യയും മറ്റുള്ളവര്‍ക്ക് മഞ്ഞച്ചോറും നല്‍കി. ഗുരുവായൂര്‍, മലബാര്‍ ദേവസ്വങ്ങള്‍ സര്‍ക്കാറുമായി സഹകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അങ്ങനെയല്ലെന്ന് മന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും തൃപ്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി നിയോഗിച്ചതാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയും.

നഗരത്തില്‍ ജല അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ക്ക് കാലതാമസം പാടില്ലെന്നും കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെയും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വൈകിട്ട് അഞ്ച് മണിയ്‌ക്ക് ശേഷം പൈപ്പ് ലൈനുകളില്‍ തകരാറുണ്ടായാല്‍ കരാറുകാര്‍ അറ്റകുറ്റപണിയ്‌ക്ക് നടത്തുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞപ്പോള്‍ കരാറുകാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിട്ടി ചീഫ് എന്‍ജിനിയറെ മന്ത്രി ചുമതലപ്പെടുത്തി.

വെളളം കണക്ഷന്‍ വിച്ഛേദിക്കുന്നതിന് 10 ദിവസം മുന്‍പ് അറിയിപ്പ് നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഒരു ചോര്‍ച്ച കണ്ടെത്താന്‍ പല സ്ഥലങ്ങള്‍ കുഴിക്കേണ്ട സ്ഥിതിയാണെന്നും പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായാല്‍ കണ്ടെത്താനുള്ള ലീക്ക് ഡിറ്റക്ടര്‍ നഗരത്തിന് വേണ്ടി മാത്രം വാങ്ങണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു.

 

Recent Posts