Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശക്തമായ ആശയാടിത്തറയില്‍ കെട്ടിപ്പടുത്ത ബാലഗോകുലം ഈ രാജ്യത്തിന്റെ തന്നെ അടിത്തറ പടുത്തുയര്‍ത്തുവാന്‍ പോകുന്ന ഏറ്റവും വലിയൊരു മുന്നേറ്റമായി മാറിക്കഴിഞ്ഞെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് പറഞ്ഞു. രാഷ്‌ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ബാലഗോകുലം നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെക്കുറിച്ച് ലോകം തന്നെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. ‘മായവിട്ടു ഉണരൂ, മാനവനായി വളരൂ’ എന്ന ഒരിക്കലും നിര്‍വചിച്ചു തീരാത്ത സന്ദേശവുമായി ഈ വര്‍ഷത്തെ ശോഭായാത്ര കടന്നുപോകുന്നത്. ഒരുപക്ഷേ ഗുരുദേവന്റെയൊക്കെ വചനങ്ങള്‍ പോലെ, ഈ പ്രപഞ്ചം ഉള്ളിടത്തോളം പ്രസക്തമായിട്ടുള്ള സന്ദേശമാണ് ഇത്.

ബാലഗോകുലത്തിലൂടെ പഠിച്ചു വളര്‍ന്നുവന്ന കുഞ്ഞുങ്ങള്‍, ഭാവിയില്‍ ഏതു മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വിഷമങ്ങളോ പ്രതിസന്ധികള്‍ നേരിട്ടാലും, ആശയ അടിത്തറയില്‍ നിന്ന് ഒരിഞ്ച് പോലും മാറില്ല. ഇത്തരത്തിലൊരു തലമുറയെ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നുള്ളതാണ് ബാലഗോകുലം ഈ രാജ്യത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന. മേയര്‍ എന്ന നിലയ്‌ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ എനിക്കും ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കുമൊക്കെ തന്നെ പ്രേരണയാകുന്നത് ശ്രീകൃഷ്ണന്റെ വചനമാണ്. മാര്‍ഗ്ഗത്തേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് ലക്ഷ്യത്തിന് തന്നെയാണ്. ‘ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും’ എന്ന് പറഞ്ഞുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് മുന്നോട്ടു പോകുന്നത്. ധാര്‍മ്മികതയ്‌ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനവും പരിശ്രമവും ആരംഭിച്ചതും കൃഷ്ണവചനങ്ങളും കൃഷ്ണസന്ദേശവും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെയാണെന്നും മേയര്‍ പറഞ്ഞു.

ആശയ അടിത്തറയില്ലാത്ത ഏതൊരു കൂട്ടായ്‌മയും നിമിഷങ്ങള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ തകര്‍ന്നുപോകുമെന്നാണ് ഏറ്റവും അവസാനത്തെ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആശയ അടിത്തറയില്‍ കെട്ടിപ്പടുത്ത ബാലഗോകുലം, ഈ രാജ്യത്തിന്റെ തന്നെ അടിത്തറ പടുത്തുയര്‍ത്തുവാന്‍ പോകുന്ന ഏറ്റവും വലിയൊരു മുന്നേറ്റമായി ഇന്ന് മാറിക്കഴിഞ്ഞു.

ടെക്‌നോളജിയെ നമ്മള്‍ പോസിറ്റീവ് ആയിട്ടുള്ള കാര്യത്തിന് വേണ്ടി കണ്ടുപിടിക്കുമ്പോള്‍ത്തന്നെ, അതിനോടൊപ്പം ഉപോല്‍പ്പന്നം എന്ന നിലയ്‌ക്ക് മറ്റെല്ലാ കാര്യങ്ങളും കടന്നുവരും. അന്തരീക്ഷത്തില്‍ വായു ഉണ്ടെങ്കില്‍, നമ്മള്‍ ശുദ്ധവായു ഉപയോഗിക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ഭാഗത്ത് വായു മലിനപ്പെടുകയും ചെയ്യും. എന്നാല്‍ അതില്‍ നിന്നും ഏതു തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുക്കാം എന്ന് നമ്മുടെ ഉള്ളില്‍ തറപ്പിക്കുക എന്നതാണ് ബാലഗോകുലത്തിന്റെ ദൗത്യം. ആ ദൗത്യം കൃത്യമായി നിര്‍വഹിച്ചു തന്നെയാണ് ബാലഗോകുലം മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent Posts