ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന നിരോധിത ഭീകര സംഘടനാ നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് വീരമൃത്യു വരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ നിര്‍മല്‍ ഖന്ന.
1990ല്‍ കശ്മീരി പണ്ഡിറ്റ് നഴ്‌സ് സര്‍ള ഭട്ടിനെ കൊലപ്പെടുത്തിയെന്ന കേസില്‍ യാസിന്‍ മാലിക് കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തനിക്ക് വധശിക്ഷ നല്‍കണമെന്നും ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്നും യാസിന്‍ മാലിക് കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭാര്യ മുസ്ഹാല്‍ മാലികിനോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായി. അവര്‍ക്ക് വിവാഹമോചനം നല്‍കാന്‍ ആഗ്രഹിക്കുന്നതായും ഇയാള്‍ കോടതിയെ അറിയിച്ചു. യാസിന്‍ മാലിക് സ്വമേധയാ വധശിക്ഷ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ അത് നല്‍കണമെന്ന് നിര്‍മല്‍ ഖന്ന മാധ്യമങ്ങളോട് പ്രതികരിച്ചു.
1990 ജനുവരി 25ന് ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രവി ഖന്നയുടെ ഭാര്യയാണ് നിര്‍മല്‍ ഖന്ന. കേസില്‍ യാസിന്‍ മാലിക് പ്രതിയാണ്. അയാള്‍ സ്വയം വധശിക്ഷ ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കണം. സമൂഹത്തിന്റെ കണ്ണില്‍ സഹതാപം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് കഴിഞ്ഞദിവസം നടത്തിയത്. താന്‍ സമാധാനത്തിന്റെ മിശിഹയാണെന്നും കുറ്റക്കാരനല്ലെന്നും പറഞ്ഞ് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമമാണത്. കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് വീണ്ടും സമയം തേടി വിചാരണ നീട്ടിക്കൊണ്ടുപോകുന്ന രീതിയാണ് യാസിന്‍ മാലികിന്റേത്. 36 വര്‍ഷമായി ഞാന്‍ ഈ വേദനയും പേറി ജീവിക്കുന്നു. ഇനിയെങ്കിലും വധശിക്ഷ നല്‍കണം, യാസിന്‍ മാലിക്കിന്റെ ഭാര്യ മുസ്ഹാല്‍ മാലികും ഭാരതത്തിനെതിരെ ഗൂഢാലോചന നടത്തുകയാണ്. വധശിക്ഷ നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ അയാളെ ഞങ്ങള്‍ക്ക് കൈമാറൂ. ശിക്ഷ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് അനുമതി നല്‍കൂവെന്നും നിര്‍മല്‍ ഖന്ന പ്രതികരിച്ചു.
ഭീകരവാദത്തിനെതിരെ ഫണ്ട് സ്വരൂപിക്കല്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം, റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഭാരതത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണ് യാസിന്‍ മാലിക്. 2022ല്‍ ഭീകരവാദത്തിന് ഫണ്ട് നല്‍കിയ കേസില്‍ മാലിക്കിന് ദല്‍ഹി പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒപ്പം വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഇവയെല്ലാം ഒരേസമയം അനുഭവിക്കാനാണ് കോടതി നിര്‍ദേശം.
















