ശ്ലോകം- 6
പൂ വില്ലു ഞാണുമിഹ തേനുണ്ണുവോരുഗണ –
മീവണ്ണമമ്പു വെറുമഞ്ചും
തേരാളി മാധവവുമായോധനത്തിനൊരു
തേരെന്നതോ കാണ്‍ക തെന്നല്‍
പോരും ശിവേ! ഹൈമഗിരികന്യകേ നിന്റെ
നീളുന്ന കണ്‍കോണിനാലീ
ലോകം ജയിച്ചു വിളയാടുന്നനംഗനതി
ലോലം ഭവല്‍ക്കരുണ മൂലം
7
തുള്ളിക്കളിക്കുമരഞാണാര്‍ന്നവള്‍, കളഭ –
കുംഭങ്ങളൊത്ത കുചമുടയോള്‍
മെല്ലെക്കുനിഞ്ഞിടയൊതുങ്ങി, ശ്ശരച്ചന്ദ്ര –
നെല്ലാം തികഞ്ഞ മുഖമഴകും
വില്ലും കരത്തിലഥ പാശാങ്കുശം വിശിഖ –
മെല്ലാം ധരിച്ചു നിറവാര്‍ന്നോള്‍
മുന്നില്‍ നടിക്ക ത്രിപുരങ്ങള്‍ തകര്‍ത്തവനു
പെണ്ണാമഹങ്കാരനടയാള്‍
8
അമൃതാം കടല്‍ നടുവിലമരതരു ചൂഴുന്ന
രമണീയമാമുപവനത്തില്‍
മണിമണ്ഡലത്തില്‍ മധുപൊഴിയും കടമ്പുവന-
മതിലമ്മ ചിന്താഗൃഹത്തില്‍
തിരുമൂര്‍ത്തികള്‍ ചേരുമൊരുപീഠമതിലങ്ങു
പരമേശപര്യങ്കനിലയായ്
പരചിന്മയീ മധുരമധുരം ഭജിപ്പു തവ
ചരിതം നുകര്‍ന്ന രസികന്മാര്‍
















