ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവില്‍ അക്കാദമിക് പ്ലാറ്റ്‌ഫോമായ സ്റ്റുഡന്റ്സ് ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് ഓഫ് ഹ്യുമാനിറ്റി ഫൗണ്ടേഷന്‍ (ശോധ്) അക്കാദമിക് പങ്കാളിയായി.
ഭാരതീയ പൈതൃകത്തെയും ചരിത്രത്തെയും സമഗ്രമായി പഠനവിധേയമാക്കാന്‍ ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആധികാരികവും ശാസ്ത്രീയവുമായ ഗവേഷണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഗവേഷക കൂട്ടായ്‌മയാണ് ‘ശോധ്’. ഭാരതീയ അക്കാദമിക് ഗവേഷണങ്ങള്‍ക്ക് ആഗോളതലത്തില്‍ അര്‍ഹമായ അംഗീകാരവും സ്ഥാനവും ഉറപ്പുവരുത്താനും ഹിമാചല്‍പ്രദേശ് ആസ്ഥാനമായുള്ള ശോധ് പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷകര്‍ക്ക് ആവശ്യമായ ആവാസ വ്യവസ്ഥ സൃഷിക്കുന്നതിനായി ഗവേഷകരുടെയും വിദഗ്ധരുടെയും മാര്‍ഗദര്‍ശികളുടെയും വിവിധ ഡേറ്റകളുടെയും വലിയൊരു ശൃഖല ശോധിന് സ്വന്തമാണ്. ശോധിന്റെ പങ്കാളിത്തം രാമകഥ കോണ്‍ക്ലേവിനെ കൂടുതല്‍ വിജ്ഞാനപ്രദമാക്കും.
സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് 18ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. രാമകഥയുടെ ഭാരതീയവും ആഗോളവുമായ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും ആവിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍, പ്രബന്ധാവതരണത്തിനുള്ള ക്ഷണം, വിവിധ മത്സരങ്ങള്‍, സംവാദ പരിപാടികള്‍ എന്നിവയിലേക്കുള്ള രജിസ്ട്രേഷനും ജന്മഭൂമിയുടെ ഔദ്യോഗിക വെബ് സൈറ്റായ ‘www.janmabhumi.in’ വഴി ആരംഭിച്ചിട്ടുണ്ട്.














