കോഴിക്കോട് : മുസ്‌ലിം സ്ത്രീകളുടെ മത ചിട്ടകളെക്കുറിച്ചുള്ള കാന്തപുരത്തിന്റെ
പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകൾ അധികാരപരിധി ലംഘിക്കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് വിമർശിച്ചു.
മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് മതകാര്യങ്ങളിൽ സംവാദം നടത്താനല്ലെന്നും ഭരണഘടന സംരക്ഷിക്കാനാണെന്നും ഓർമ്മിപ്പിച്ച അദ്ദേഹം, മതഗ്രന്ഥങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മത വ്യാഖ്യാതാവല്ല മുഖ്യമന്ത്രി
—————————————————
മുസ്ലിം സ്ത്രീകളുടെ മത ചിട്ടയെ സംബന്ധിച്ച വിഷയത്തിൽ ഒരു മതപണ്ഡിതന്റെ പ്രസ്താവനക്കെതിരെ ഇസ്‌ലാമിന്റെ തെറ്റായ വ്യാഖ്യാനം” എന്നും’ സംവാദത്തിന് തയ്യാർ ‘ എന്നുമുള്ള നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരു കവിഞ്ഞതാണെന്ന് പറയാതെ വയ്യ. ഒരു മതത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി വിധി പറയുന്നതും തർക്കത്തിന് കോപ്പ് കൂട്ടുന്നതും അനാവശ്യവും അധികാരപരിധി ലംഘിക്കുന്നതുമാണ്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് മതവിഷയങ്ങളിൽ സംവാദം നടത്താനല്ല; ഭരണഘടന സംരക്ഷിക്കാനാണ് എന്നത് മറന്നുപോകരുത്.
കാന്തപുരത്തിന്റെ നിലപാടിനെ പിന്തുണയ്‌ക്കുന്നവർ അതിനെ സ്ത്രീകളെ അപമാനിക്കാനുള്ള ആഹ്വാനമായി കാണുന്നില്ല; സ്ത്രീ–പുരുഷ ഇടപെടലുകളിൽ കുലീനത, മര്യാദ, മതപരമായ അതിരുകൾ എന്നിവ പാലിക്കണമെന്ന പരമ്പരാഗത ഇസ്‌ലാമിക നിലപാടായാണ് അവർ അതിനെ വിശദീകരിക്കുന്നത്. മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല. അങ്ങനെ വന്നാൽ ശബരിമല വിഷയത്തിൽ ഒരു നിലപാടും മുസ്‌ലിം സ്ത്രീകളുടെ വിഷയത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉയരുന്നത് സ്വാഭാവികമാണ്. രാഷ്‌ട്രീയ താല്പര്യങ്ങളുടെ പേരിൽ നടക്കുന്ന മുതലെടുപ്പ് പ്രസ്താവനകൾ അധികാരസ്ഥാനത്ത് എത്തിയാൽ പിന്നെ നിർത്തണം.
മുഖ്യമന്ത്രിയുടെ ശൈലി തന്നെയാണ്, പ്രതിപക്ഷത്തിരിക്കുന്ന സിപിഎം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാരും സ്വീകരിച്ചിട്ടുള്ളത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമത്വം പറഞ്ഞിരുന്നവർ, പിന്നീട് നിലപാട് മാറ്റിയത് അവർ മറന്നു പോകരുത്.
വ്യത്യസ്ത മതവിശ്വാസങ്ങളെ രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കാതെ എല്ലാ സമൂഹങ്ങൾക്കും ഒരേ ഭരണഘടനാ മാനദണ്ഡം പ്രയോഗിക്കണം. വിമർശനം മതവിരോധമാകരുത്; ഇസ്‌ലാമോഫോബിയ വളർത്താനും അധികാരികൾ കാരണമാകരുത്.
സ്ത്രീകളുടെ അവകാശവും സുരക്ഷയും സംരക്ഷിക്കണം; അതോടൊപ്പം മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യവും മാന്യതയും സംരക്ഷിക്കപ്പെടണം.
















