Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതോടെ മുസ്ലിംപ്രീണനത്തിനായി ആര്‍എസ്എസിന് മേല്‍ കുതിരകയറി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കാന്തപുരത്തിന് ആര്‍എസ്എസിന്റെ ഭാഷയാണെന്നാണ് എം.എ. ബേബിയുടെ കണ്ടുപിടിത്തം. ഇന്നലെ കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് ആര്‍എസ്എസിനുമേല്‍ കുതിരകയറി കാന്തപുരത്തിന് സംരക്ഷണമൊരുക്കിയത്.

ആര്‍എസ്എസും മോഹന്‍ ഭാഗവതും ഇതേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവനയെന്നുമായിരുന്നു എം.എ. ബേബിയുടെ പ്രതികരണം. സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും മാനഭംഗപ്പെടുകയും ചെയ്യുന്ന വിഷയം രാജ്യത്ത് ഉയര്‍ന്നുവന്നപ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്, സ്ത്രീകളെല്ലാം വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണമെന്നാണ്. സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അവര്‍ക്കെതിരെ ആക്രമണമുണ്ടാകുന്നതെന്നും പറഞ്ഞുവെന്നാണ് എം.എ. ബേബിയുടെ അവകാശവാദം. എന്നാല്‍ അങ്ങനെഒരു പ്രസ്താവന മോഹന്‍ഭാഗവത് നടത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടും കാന്തപുരത്തിന് സംരക്ഷണം ഒരുക്കാന്‍ സിപിഎം വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ അതിശക്ത പ്രതിഷേധം ഉയര്‍ന്നത് മുതല്‍ സിപിഎം സംസ്ഥാന നേതാക്കള്‍ കാന്തപുരത്തിന് സംരക്ഷണം ഒരുക്കിക്കൊണ്ട് ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയാണ് പ്രസ്താവനകള്‍ ഇറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി മുസ്ലിം വിഭാഗം കൈവിടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആര്‍എസ്എസിനെയും കാന്തപുരത്തിനെയും കൂട്ടിക്കെട്ടാനുള്ള ശ്രമം.