Samskriti

കൃഷ്ണസ്പര്‍ശം: കംസവധം

Published by
രജി ചന്ദ്രശേഖര്‍

ഥുരയിലെത്തിയ കൃഷ്ണന്റെ ജീവിതത്തിലെ നിര്‍ണായകമായ കഥാസന്ദര്‍ഭമാണ് കംസവധം. അധികാരവും ഭയവും ഉപയോഗിച്ച് ജനങ്ങളെ കീഴടക്കിയ കംസന്റെ മുന്നില്‍ ഒടുവില്‍ കൃഷ്ണന്‍ നേരിട്ട് എത്തുന്നു. ഏറെക്കാലം എല്ലാവരെയും ഭയപ്പെടുത്തിനിന്ന ശക്തിക്ക് മുന്നില്‍ ഭയമില്ലാതെ നി
ല്‍ക്കുന്ന കൃഷ്ണന്‍, ആ അധര്‍മ്മിയുടെ അന്ത്യം കുറിക്കുന്നു.

ഈ കഥാസന്ദര്‍ഭത്തെ ഇന്നത്തെ ജീവിതത്തില്‍ വായിക്കുമ്പോള്‍, ഭയം നമ്മുടെ ജീവിതത്തെ എത്രത്തോളം നിയന്ത്രിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

കൃഷ്ണസന്ദേശം
ഭയത്തെ അംഗീകരിച്ച് ജീവിക്കുന്നതിനെക്കാള്‍, അതിന്റെ വേരുകളെ നേരിടാനുള്ള ധൈര്യമാണ് മോചനം.
ഭയം ചിലപ്പോള്‍ നമ്മെ സംരക്ഷിക്കും. എന്നാല്‍ അതേ ഭയം നമ്മുടെ തീരുമാനങ്ങളെയും സ്വപ്‌നങ്ങളെയും ബന്ധിച്ചുതുടങ്ങിയാല്‍ അത് ഒരു തടവറയായി മാറും.

ജീവിതസ്പര്‍ശം
ഇന്നത്തെ മനുഷ്യന്റെ ജീവിതത്തിലും പല ‘കംസന്മാര്‍’ ഉണ്ടാകാം.
പരാജയഭയം.
മറ്റുള്ളവര്‍ എന്തു പറയും എന്ന ഭയം.
സാമ്പത്തിക ഭയം.
ബന്ധം നഷ്ടപ്പെടുമെന്ന ഭയം.
തുടങ്ങാനുള്ള ഭയം.
വീണ്ടും പരാജയപ്പെടുമെന്ന ഭയം.

ഇവയില്‍ ചിലത് പുറത്തുള്ള ശക്തികളല്ല. നമ്മുടെ മനസ്സില്‍ വളര്‍ന്നിരിക്കുന്ന ഭയങ്ങളാണ്.

ഒരു ജോലി ഇഷ്ടമല്ലെങ്കിലും ‘പുതിയത് കിട്ടിയില്ലെങ്കിലോ’ എന്ന ഭയത്തില്‍ തുടരുന്ന ഒരാള്‍. സ്വന്തം കഴിവ് അറിയാമെങ്കിലും വിമര്‍ശനത്തെ ഭയന്ന് അവസരം സ്വീകരിക്കാത്ത ഒരാള്‍. ബന്ധത്തില്‍ സന്തോഷമില്ലെങ്കിലും ഒറ്റപ്പെടുമെന്ന ഭയത്തില്‍ അതില്‍ തുടരുന്ന ഒരാള്‍. ഇവരെല്ലാം സ്വന്തം ജീവിതം ഏതെങ്കിലും ഒരു ഭയത്തിനു കീഴിലാക്കിക്കഴിയുന്നവരാണ്.
ഭയം ഇല്ലാതായാല്‍ മാത്രമേ ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ കഴിയൂ എന്നില്ല. ഭയമുണ്ടായിട്ടും ശരിയെന്ന് തോന്നുന്ന വഴിയിലേക്ക് ഒരു ചുവട് വയ്‌ക്കുന്നതാണ് ധൈര്യം.
കംസന്റെ ശക്തി മറ്റുള്ളവരുടെ ഭയത്തിലായിരുന്നു. എതിരാളിക്കു ഭയം നഷ്ടപ്പെട്ടപ്പോള്‍ കംസനു സ്വശക്തിയുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടു.

നമ്മുടെ ജീവിതത്തിലും അതുതന്നെ സംഭവിക്കാം. വര്‍ഷങ്ങളായി നമ്മെ നിയന്ത്രിച്ച ഭയത്തെ ഒരിക്കല്‍ നേരിടുമ്പോള്‍, അത് നാം കരുതിയ അത്ര ശക്തമല്ലായിരുന്നു എന്ന് മനസ്സിലാകും. അതുകൊണ്ട് ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ തടയുന്ന ഭയം എന്താണെന്ന് സ്വയം ചോദിക്കാം.

അത് പരാജയഭീതിയാണെങ്കില്‍, ചെറിയൊരു ശ്രമം തുടങ്ങാം.
വിമര്‍ശനഭയമാണെങ്കില്‍, സ്വന്തം സത്യത്തില്‍ ഉറച്ചുനില്‍ക്കാം.
മാറ്റത്തെ ഭയപ്പെടുന്നുവെങ്കില്‍, ചെറിയൊരു മാറ്റത്തില്‍നിന്ന് തുടങ്ങാം.

ജീവിതത്തിലെ എല്ലാ ഭയങ്ങളെയും ഒരുദിവസംകൊണ്ട് ഇല്ലാതാക്കേണ്ടതില്ല. എന്നാല്‍ അവയ്‌ക്ക് നമ്മുടെ ജീവിതത്തിന്റെ മുഴുവന്‍ നിയന്ത്രണവും നല്‍കാതിരിക്കാന്‍ കഴിയും.
കൃഷ്ണന്റെ കംസവധം ഒരു അധിനിവേശത്തിന്റെ അവസാനമെന്നതിലുപരി, ഭയാധിപത്യത്തില്‍നിന്നുള്ള മോചനധീരതയുടെ പ്രതീകമായി വായിക്കാം.

കൃഷ്ണസ്പര്‍ശം:
ഭയം നമ്മെ ഭരിക്കുന്നിടത്തോളം അത് കംസനാണ്; അതിനെ നേരിടുന്ന നിമിഷം മുതല്‍ നമ്മുടെ ഉള്ളില്‍ കൃഷ്ണന്‍ ഉണരുന്നു.