
കോഴിക്കോട്: മതനിയമങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചുവെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി. കാന്തപുരം പറഞ്ഞതിനെ വിമർശിക്കാം. പക്ഷേ മതകാര്യങ്ങൾ വിശദീകരിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും പൊതുജനങ്ങളോട് പിഴവ് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി എ. സൈഫുദ്ദീൻ ഹാജി പറഞ്ഞു.
കാന്തപുരം ഉസ്താദ് പറഞ്ഞ പരാമർശത്തോട് വ്യക്തി എന്ന നിലയ്‌ക്കോ പാർട്ടി നേതാവ് എന്ന് നിലയ്‌ക്കോ മുഖ്യമന്ത്രി എന്ന നിലയ്‌ക്കോ വിയോജിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും വി.ഡി. സതീശൻ എന്നയാൾക്കുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. അതിൽ ഞങ്ങൾ കൈകടത്തുന്നില്ല.
എന്നാൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് അറിയാത്ത ഖുർആനും ഇസ്ലാമിക ചരിത്രവും എനിക്കറിയാം, ഞാൻ പറയുന്നതാണ് ശരി എന്ന നിലയ്‌ക്ക് മുഖ്യമന്ത്രി വിശദീകരിക്കാൻ ശ്രമിച്ചതും, കാന്തപുരം ഉസ്താദ് 19-ാം നൂറ്റാണ്ടിൽ പറയേണ്ടതാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അതിനെ തള്ളിക്കളയുന്നുവെന്നും പറഞ്ഞത്, മുഖ്യമന്ത്രിയായ വ്യക്തി മുഫ്തിയാകാൻ ശ്രമിച്ചതിലുള്ള അമർഷവും പ്രതിഷേധവുമാണ് രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന് ഏതോ കേന്ദ്രത്തിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരിക്കാൻ ശ്രമിച്ചത്. അത് തീർത്തും തെറ്റാണ്. അത് അദ്ദേഹത്തിന്റെ തെറ്റല്ല. പൊതു സമൂഹത്തിന് മുമ്പിൽ അത് വിശദീകരിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട് – എ. സൈഫുദ്ദീൻ ഹാജി പറഞ്ഞു.