
വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു
തിരുവനന്തപുരം: വൈക്കത്ത് മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയാറായില്ലെന്ന് മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചട്ടമ്പി സ്വാമി ജയന്തി സമ്മേളനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ വിദ്യാധിരാജ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
എന്‍എസ്എസ് എല്ലാ കാലത്തും സെക്യുലര്‍ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മന്നത്ത് പത്മനാഭന്‍ മുതല്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വരെ ആ പാരമ്പര്യം പിന്തുടരുന്നവരാണ്. കല്ലെറിയുന്നത് ചിലരുടെ സ്വഭാവമാണ്. കല്ലെറിയുന്നവരൊന്നും ചരിത്രത്തില്‍ ഇടം നേടിയിട്ടില്ല. എറിഞ്ഞ കല്ല് വേസ്റ്റ് ആകുകയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
എന്‍എസ്എസ് വൈസ് പ്രസിഡന്റും താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് എം. കാര്‍ത്തികേയന്‍ നായര്‍, വിദ്യാധിരാജ ജന്മ സ്ഥാന ക്ഷേത്രം കണ്‍വീനര്‍ കെ.ആര്‍. വിജയകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് എം. ഈശ്വരി അമ്മ, യൂണിയന്‍ സെക്രട്ടറി വിജു വി. നായര്‍, കവി മധുസൂദനന്‍ നായര്‍, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍ എന്നിവര്‍ പ്രസംഗിച്ചു.