
കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ. ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
തിരുവനന്തപുരം: കായികരംഗത്തിന് മനുഷ്യരെ ഭേദചിന്തകള്‍ക്കതീതമായി ഒന്നിപ്പിക്കാനുള്ള വലിയ കരുത്തുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള സര്‍വകലാശാലയില്‍ നടന്ന ദേശീയ കായിക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുമൊരു മത്സരമെന്നതിലുപരി കായികവിനോദങ്ങള്‍ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിനും വ്യക്തിത്വ വികാസത്തിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. മേജര്‍ ധ്യാന്‍ചന്ദിന്റെ കായിക പാരമ്പര്യത്തെയും രാജ്യത്തിനു വേണ്ടി അന്താരാഷ്‌ട്ര തലത്തില്‍ തിളങ്ങിയ കായികതാരങ്ങളെയും മാതൃകയാക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി യുവാക്കളില്‍ അച്ചടക്കവും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല സെനറ്റ് കാമ്പസ് ഇന്‍ഡോര്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, കായിക മന്ത്രി ഒ. ജെ. ജനീഷ് എന്നിവരും പങ്കെടുത്തു. അന്തര്‍ദേശീയ കായിക താരങ്ങളായ ഹോക്കി താരം പി.ആര്‍ ശ്രീജേഷ്, ബാസ്‌കറ്റ്‌ബോള്‍ താരം ഗീതു അന്ന ജോസ്, അത്‌ലറ്റുകളായ കെ.എം ബീനമോള്‍, കെ.എം ബിനു, ബോക്‌സര്‍ ലേഖ കെ.സി, സ്പ്രിന്റ് അത്‌ലറ്റ് പി.കെ പ്രിയ, വോളിബോള്‍ താരം എസ്.ഗോപിനാഥ്, ഹോക്കി താരം എസ്.ഓമനകുമാരി, ബാസ്‌കറ്റ് ബോള്‍ താരം അന്‍വിന്‍ ആന്റണി, നാഷണല്‍ ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍ നോടിയ ആര്‍.അനൂപ് തുടങ്ങിയവരെ ഗവര്‍ണര്‍ ആദരിച്ചു.
ഒരു മണിക്കൂര്‍ കളിക്കളത്തില്‍ എന്നതാണ് ഈ വര്‍ഷത്തെ കായിക ദിനാചരണത്തിന്റെ മുദ്രാവാക്യം. കേന്ദ്ര പ്രോട്ടോക്കോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചടങ്ങിന്റെ തുടക്കത്തിലും ഒടുക്കത്തിലും വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു.