കോഴിക്കോട്: മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്. മന്ത്രിമാരുടെ കുടുംബസമേതമുള്ള വിദേശയാത്രകളിൽ “സർക്കാർ പണം ചെലവഴിച്ചിട്ടില്ല” എന്ന വിശദീകരണം മാത്രം പോരെന്നും യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന് വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും നൂർബീന റഷീദ് വ്യക്തമാക്കി.
മിനിസ്റ്റേഴ്സ് കോഡ് ഓഫ് കണ്ടക്ട്’ പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങളുണ്ടെന്ന് നൂർബീന റഷീദ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മന്ത്രിമാരുടെ വിദേശയാത്ര:
സുതാര്യത ചോദിക്കുന്നത് ജനങ്ങളുടെ അവകാശം
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് നിയമം പാലിക്കൽ മാത്രം അല്ല; ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവുമാണ്.
കുടുംബസമേതം വിദേശരാജ്യങ്ങൾ സന്ദർശിച്ച് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ, “കേരള സർക്കാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല” എന്ന വിശദീകരണം മാത്രം മതിയോ?
സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെങ്കിൽ ആരാണ് ചെലവ് വഹിച്ചത്? സ്വന്തം പണമാണെങ്കിൽ അത് തുറന്നു പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ, ആ വ്യക്തിയോ സ്ഥാപനമോ ആരാണ്?
മന്ത്രിമാർക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ മാത്രമല്ല, സൗജന്യ യാത്ര, താമസം, ഉയർന്ന നിലവാരത്തിലുള്ള മറ്റ് സേവനങ്ങൾ തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങളും പൊതുജീവിതത്തിലെ സുതാര്യതയുടെ പരിധിയിൽ വരേണ്ടതാണ്.
Ministers’ Code of Conduct പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്ന് മന്ത്രിയോ കുടുംബാംഗങ്ങളോ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. കേരള സർക്കാരിനും മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.
ഒരു മന്ത്രിക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യം വെറും സ്വകാര്യ സഹായമായി മാത്രം കാണാനാകുമോ? പ്രത്യേകിച്ച് വലിയ വ്യവസായികളിൽ നിന്നോ മന്ത്രിയുമായി ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ, അതിന്റെ ഉറവിടവും സ്വഭാവവും ജനങ്ങൾ അറിയേണ്ടതല്ലേ?
ഇത് ആരെയും കുറ്റക്കാരനാക്കാനുള്ള ശ്രമമല്ല.
പക്ഷേ ജനങ്ങൾക്ക് ചോദിക്കാനുള്ള അവകാശമുണ്ട്:
പണം ആരുടേത്?
ആനുകൂല്യം ആരിൽ നിന്ന്?
എന്തിനാണ് അത് സ്വീകരിച്ചത്?
അത് പ്രഖ്യാപിച്ചിട്ടുണ്ടോ?
ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ?
“സർക്കാർ പണം ഉപയോഗിച്ചിട്ടില്ല” എന്ന മറുപടിക്കപ്പുറം, “ചെലവ് വഹിച്ചത് ആരാണ്?” എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിക്കുമ്പോഴാണ് യഥാർത്ഥ സുതാര്യത.
ജനാധിപത്യത്തിൽ മന്ത്രിമാർ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിലയുണ്ട് — അതിന് കണക്കും വേണം.
















