
ശിവഗിരി: ശിവഗിരി കുന്നിന്റെ വടക്കുഭാഗത്ത് ശ്രീനാരായണ ഗുരുദേവന്‍ സ്ഥിരം സ്‌നാനം ചെയ്തിരുന്ന വടക്കേ ഓവ് ശ്രദ്ധേയമാകുന്നു. ശിവഗിരി മഠം ഗോശാല റോഡിലെ കുന്നിന്‍ ചരുവില്‍ നിന്ന് ശാന്തമായി ഒലിച്ചുവരുന്ന തെളിഞ്ഞ നീരുറവയുടെ ഉത്ഭവം കണ്ടെത്താന്‍ കഴിയില്ല.
കുന്നിന്റെ വിവിധയിടങ്ങളില്‍ ഇപ്പോള്‍ മൂന്ന് ഓവുകളില്‍ നിന്ന് നിത്യവും രാപകല്‍ ഒഴുകിവരുന്ന ജലത്തില്‍ കുളിക്കാന്‍ നാടിന്റെ പലസ്ഥലങ്ങളില്‍ നിന്നു ഭക്തര്‍ എത്തുന്നു. വേനലിലും മഴക്കാലത്തും ഒരുപോലെ ഒലിച്ചിറങ്ങുന്ന ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ടന്നാണ് ശിവഗിരി ഭക്തരുടെ വിലയിരുത്തല്‍. ശിവഗിരിയിലെത്തുന്ന ഭക്തര്‍ ഓവില്‍ നിന്ന് കുളിച്ചാല്‍ മനശാന്തിയും, രോഗശാന്തിയും ഔഷധ വീര്യവും ഉണ്ടന്നാണ് വിശ്വസം.
ശിവഗിരി തീര്‍ത്ഥാടന വേളയില്‍ തീര്‍ത്ഥാടകര്‍ ഓവില്‍ നിന്ന് വരുന്ന ജലം കുപ്പികളില്‍ ശേഖരിച്ച് ഗൃഹങ്ങളില്‍ സൂക്ഷിക്കുന്ന പതിവുമുണ്ട്. വീടുകളില്‍ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്രാര്‍ത്ഥനയോടെ തീര്‍ത്ഥം നല്‍കാറുണ്ടന്നും ഏറെ ആശ്വാസം ലഭിക്കുന്നതായും വിശ്വാസമുണ്ട്. ശിവഗിരിയില്‍ സ്‌നാനത്തിന് എത്തുന്നവര്‍ ശരീര ശുദ്ധിക്കായി ഇവിടെ സ്‌നാനം ചെയ്യുന്നത് പതിവായി മാറി.