India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിയെന്ന വ്യാജേന ഫോണ്‍ വഴി ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി കേസില്‍ ജാമ്യം നേടാന്‍ ശ്രമിച്ചയാള്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ. സുകേഷ് ചന്ദ്രശേഖര്‍ എന്നയാളെയാണ് തിസ് ഹസാരി കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചത്.
2017 ഏപ്രിലില്‍ പ്രത്യേക ജഡ്ജി പൂനം ചൗധരിയുടെ മുമ്പാകെയുള്ള ഒരു അഴിമതി കേസില്‍ ചന്ദ്രശേഖര്‍ പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്താണ് ജഡ്ജിയുടെ ഔദ്യോഗിക ലാന്‍ഡ്ലൈനിലേക്കും വ്യക്തിഗത മൊബൈല്‍ നമ്പറിലേക്കും വിളിച്ചത്.
ആദ്യം പരിചയപ്പെടുത്തിയത് സുപ്രീം കോടതി ജഡ്ജിയുടെ പേഴ്സണല്‍ സെക്രട്ടറിയാണെന്നാണ്. പിന്നാലെ മറ്റൊരു ശബ്ദത്തില്‍ ജഡ്ജിയാണെന്ന് അവകാശപ്പെടുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി കൊളീജിയത്തിനും വേണ്ടിയാണ് വിളിക്കുന്നതെന്നും പറഞ്ഞു.
തുടര്‍ന്ന് ചന്ദ്രശേഖറിനെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ജുഡീഷ്യല്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചു. അനുസരിച്ചില്ലെങ്കില്‍ പ്രൊഫഷണല്‍ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു.

 

 

Recent Posts