
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റി നിലപാടിനെ പരസ്യമായി തള്ളി പറഞ്ഞ് പിബി അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശദീകരണപൊതുയോഗങ്ങള്‍. പാര്‍ട്ടിയാണ് ശരിയെന്നും വഴിതെറ്റി പോയവരെ പിന്തുണച്ച പൊതുസമൂഹത്തിനാണ് തെറ്റുപറ്റിയതെന്നുമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണ യോഗങ്ങളുടെ പൊതുസമീപനം. താന്‍ നയിക്കുന്ന നേതൃത്വത്തെ ന്യായീകരിക്കാന്‍ പിണറായി വിജയന്‍ എല്ലാക്കാലവും സ്വീകരിക്കുന്ന പൊതുസമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളും സമീപനങ്ങളും ചൂണ്ടിക്കാട്ടിയവരെ അധിക്ഷേപിച്ച് പുകച്ചുചാടിക്കുകയായിരുന്നു സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ച കണ്ടെത്തുകയും, കമ്മിറ്റിയുടെ നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത്. നേതാക്കളുടെ വീഴ്ചകളും പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും കേന്ദ്രകമ്മിറ്റി പരസ്യമാക്കിയിട്ടും വീഴ്ചകള്‍ സമ്മതിക്കാന്‍ പിണറായി തയാറല്ലെന്ന് വ്യക്തമാകുകയാണ്.
എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതും കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും നേതൃത്വത്തിന്റെ വീഴ്ചയെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെയാകെ തള്ളിപ്പറഞ്ഞ് താന്‍ തന്നെയാണ് പാര്‍ട്ടിയുടെ അവസാന വാക്ക് എന്ന് തെളിയിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും അതിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പിന്തുണ നല്‍കുന്നു എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യാനും നടപടി സ്വീകരിക്കാനും സപ്തംബറില്‍ കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചതായി അംഗീകരിക്കില്ലെന്ന് പിണറായി വിജയന്‍ പരസ്യമായി വ്യക്തമാക്കുന്നത്.
വിശാല സംസ്ഥാന സമിതി യോഗത്തില്‍ ഏരിയ സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ വരെയുള്ളവരെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തതും പിണറായിയെയും ഗോവിന്ദനെയും കടുത്ത വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുകള്‍ വീണതോടെ കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. എന്നാല്‍ സ്വയം വിമര്‍ശനം നടത്താതെ പഴി മറ്റുള്ളവരില്‍ ചാരുക എന്ന തന്ത്രമാണ് പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പയറ്റുന്നത്. സിപിഐക്കെതിരെ നിലപാട് പിണറായി വിജയന്‍ സ്വീകരിച്ചതും ഇതിന്റെ ഭാഗമാണ്. സിപിഐക്ക് എതിരെ സിപിഎം അണികളിലും നേതാക്കളിലും ഉള്ള കടുത്ത വിരോധം മുതലെടുത്ത്, പാര്‍ട്ടിക്ക് വേണ്ടി എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ് താനെന്ന് ബോദ്ധ്യപ്പെടുത്തുക എന്ന അടവുനയവും ഇതിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.