കോട്ടയം: അമേരിക്കയില്‍ സുഹൃത്തുക്കളായ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍. കുറിച്ചി പള്ളത്തറ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസിന്‌റെ മകള്‍ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ച നിലയിലും അഞ്ജനയെ കാറിടിച്ചുമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലിഫോര്‍ണിയയിലെ സാനോസെ നഗരത്തിലാണ് സംഭവം നടന്നത്. ഒരേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ കുടുംബസമേതം താമസിച്ചിരുന്നവരാണ് മൂവരും.അഞ്ജനയെ ഫ്ളാറ്റില്‍ നിന്ന് വിളിച്ചിറക്കി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയുടെ ഭര്‍ത്താവ് വിജീഷില്‍ നിന്ന് ഇക്കാര്യം അറിഞ്ഞ് ആനിയുടെ ഭര്‍ത്താവ് ജേക്കബ് ആനിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഫ്ളാറ്റിലെത്തിയപ്പോഴാണ് ബാത്ത്റൂമില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ആനിയെ കണ്ടെത്തിയത്.മൂന്ന് യുവതികളും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആനിയ്‌ക്ക് അടുത്തിടെ ഐ.ടി.ഐ മേഖലയില്‍ ജോലി ലഭിച്ചിരുന്നു. അതേസമയം, അനിലയ്‌ക്ക് ജോലി നഷ്ടമാവുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആന്‍ഡ്രീന (10), അലീസാ (5 ) എന്നിവരാണ് തിരുവനന്തപുരം സ്വദേശിനിയായ ആനിയുടെ മക്കള്‍. അഞ്ജനയുടെ മകള്‍ വാമിക.
















