മുംബൈ: മധ്യപ്രദേശിനും മഹാരാഷ്‌ട്രയ്‌ക്കുമിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുംബൈ സോണല്‍ യൂണിറ്റ് പിടികൂടി. രണ്ട് വിദേശികള്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 547 ഗ്രാം കൊക്കെയ്നും മാരക രാസലഹരി മരുന്ന് മെത്താക്വലോണും പിടിച്ചെടുത്തു.
സംസ്ഥാനാന്തര ലഹരിക്കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുംബൈയിലെ മീരാ റോഡില്‍ നിന്ന് വിദേശികളെ പിടികൂടിയത്.
ഇന്‍ഡോറില്‍ നിന്ന് ബസില്‍ എത്തിയ കെനിയന്‍ വനിതയെയും ലഹരിമരുന്ന് വാങ്ങാനെത്തിയ നൈജീരിയന്‍ പൗരനെയുമാണ് പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്നും ‘എല്‍വി’ എന്ന് രേഖപ്പെടുത്തിയ രണ്ട് പാക്കറ്റുകളിലായാണ് കൊക്കെയ്‌നും മെത്താക്വലോണും ഒളിപ്പിച്ചിരുന്നത്. ‘നശാ മുക്ത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി ഡിആര്‍ഐ നടത്തുന്ന നടപടികളുടെ ഭാഗമായായിരുന്നു പരിശോധന. സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.











