പുനരുജ്ജീവനത്തിന്റെ പാതയിലാണിന്ന് സംസ്‌കൃതഭാഷ. ഭാരതത്തിന്റെ സാംസ്‌കാരിക- വൈജ്ഞാനിക പൈതൃകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അധിഷ്ഠാനങ്ങളിലൊന്നാണ് സംസ്‌കൃതം. വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍, വിവിധദര്‍ശനങ്ങള്‍, വ്യാകരണം, ആയുര്‍വേദം, ഗണിതം, ജ്യോതിശ്ശാസ്ത്രം, നാട്യശാസ്ത്രം, രാഷ്‌ട്രതന്ത്രം തുടങ്ങി വിവിധ വിജ്ഞാന മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ഭാഷയാണിത്. എന്നാല്‍ ആധുനിക കാലത്ത് സംസ്‌കൃതം ഒരു പൗരാണികഭാഷ മാത്രമായി പരിമിതപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഈ ആശങ്കയ്‌ക്ക് ഒരു പരിധിവരെ മാറ്റം വന്നതായി കാണാം. പഠനം, ഗവേഷണം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഭാരതീയ ജ്ഞാന പരമ്പരാ പഠനം, ദേശീയതലത്തിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ സംസ്കൃതത്തിന് പുതിയ സാധ്യതകള്‍ ഇപ്പോള്‍ തുറന്നുകിട്ടിയിരിക്കുന്നു.
പുതിയ കേന്ദ്ര സംസ്‌കൃത സര്‍വകലാശാലകളുടെ രൂപീകരണം
സംസ്‌കൃതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ഒരു ചുവടുവയ്‌പ്പായിരുന്നു ഇത്. 2020-ല്‍ പാര്‍ലമെന്റ് നിയമത്തിലൂടെയാണ് കേന്ദ്രസംസ്‌കൃത സര്‍വകലാശാലകള്‍ സ്ഥാപിതമായത്. മുമ്പ് കല്പിതസര്‍വകലാശാലകളായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍വകലാശാലകളായി മാറിയതോടെ സംസ്‌കൃത വിദ്യാഭ്യാസത്തിന് കൂടുതല്‍ ശക്തമായ ദേശീയ അടിത്തറ ലഭിച്ചു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പസുകളിലൂടെ സംസ്‌കൃത പഠനം, ഗവേഷണം, അധ്യാപകപരിശീലനം, പരമ്പരാഗത വിജ്ഞാനം തുടങ്ങിയ വിവിധ മേഖലകളില്‍ കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
പരമ്പരാഗതവിഷയങ്ങളില്‍ മാത്രമുള്ള സംസ്‌കൃതപഠനത്തിനുപുറമെ ആധുനികവിഷയങ്ങളും ആയുര്‍വേദം പോലുള്ള പരമ്പരാഗതശാസ്ത്രങ്ങളും സംസ്‌കൃത മാധ്യമത്തിലൂടെ പഠിപ്പിക്കുക എന്നതാണ് സര്‍വകലാശാലകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിവിധ വിഷയങ്ങളിലുള്ള ഗവേഷണം, ഭാരതീയ ജ്ഞാനപരമ്പരാ പഠനം, ആധുനിക അധ്യാപന രീതികള്‍, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയ്‌ക്ക് സര്‍വകലാശാല പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം നല്‍കിയ അവസരങ്ങള്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ ഭാഷകള്‍ക്കും ഭാരതീയ ജ്ഞാന പരമ്പരാ പഠനത്തിനും ലഭിച്ച പ്രാധാന്യം സംസ്‌കൃതത്തിനും ഗുണകരമായി. സംസ്‌കൃതത്തെ വെറും ഭാഷാപഠനത്തിന്റെ പരിധിയില്‍ ഒതുക്കാതെ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന്റെ പ്രധാന സ്രോതസ്സായി പഠിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു.
ഗണിതം, തര്‍ക്കശാസ്ത്രം, ഭാഷാശാസ്ത്രം, ആയുര്‍വേദം, ജ്യോതിശ്ശാസ്ത്രം, ദര്‍ശനം, നാട്യകല, വാസ്തുശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംസ്‌കൃത ഗ്രന്ഥങ്ങളെ ആധുനിക ഗവേഷണവുമായി ബന്ധിപ്പിക്കുന്ന പ്രവണത ശക്തിപ്പെട്ടുവരുന്നു.
ഗവേഷണ രംഗത്ത് പുതിയ ഉണര്‍വ്
സംസ്‌കൃതത്തിലെ ഗവേഷണം ഇന്ന് പരമ്പരാഗത ശാസ്ത്രപഠനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഭാഷാശാസ്ത്രം, കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ചരിത്രം, തത്ത്വചിന്ത, ശാസ്ത്രചരിത്രം, പുരാവസ്തുശാസ്ത്രം, ഭാരതീയ ജ്ഞാനപരമ്പര തുടങ്ങിയ മേഖലകളിലേക്ക് ഗവേഷണം വ്യാപിച്ചുകൊണ്ടിരിക്കുന്നു.കേന്ദ്രസംസ്‌കൃത സര്‍വകലാശാലകളില്‍ വിദ്യാവാരിധി (ജവ.ഉ) പോലുള്ള ഉന്നത ഗവേഷണപഠനങ്ങള്‍ സജീവമായി തുടരുന്നതും പുതിയ ഗവേഷകരെ സംസ്‌കൃതത്തിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായകമാണ്.
സ്‌കോളര്‍ഷിപ്പും അവസരങ്ങളും
സംസ്‌കൃതപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ സാമ്പത്തിക സഹായങ്ങള്‍ക്കും പ്രധാന സ്ഥാനമുണ്ട്. കേന്ദ്ര സംസ്‌കൃത സര്‍വകലാശാല മുഖേന വിവിധ തലങ്ങളിലുള്ള സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സ്‌കൂള്‍തലം മുതല്‍ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. വരെയുള്ള പഠനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നു. പരമ്പരാഗത പാഠശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം അവസരങ്ങള്‍ ലഭ്യമാണ്.
ഇതുപോലുള്ള പദ്ധതികള്‍ സംസ്‌കൃതത്തെ തൊഴില്‍സാധ്യത കുറഞ്ഞ ഒരു വിഷയമെന്ന പഴയ ധാരണ മാറ്റുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംസ്‌കൃതഭാഷാപഠനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും സഹായകമാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ വിപുലമാകുന്നു
സംസ്‌കൃത പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അനൗപചാരിക സംസ്‌കൃതപഠനം, സംസ്‌കൃത പണ്ഡിതര്‍ക്കു ബഹുമതി, പ്രസിദ്ധീകരണങ്ങള്‍ക്കു സഹായം, ശാസ്ത്രചൂഡാമണി, അഖിലേന്ത്യാ ശാസ്ത്രമത്സരം, സംസ്‌കൃത നിഘണ്ടു നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ നിലവിലുണ്ട്.
പ്രത്യേകിച്ച് അഷ്ടാദശി പദ്ധതി സംസ്‌കൃതത്തിന്റെ അടുത്ത ദശകത്തിലെ വികസനത്തിനായി പുതിയ ഗവേഷണ-വികസന പദ്ധതികള്‍ക്കുള്ള പിന്തുണയാണ് ലക്ഷ്യമിടുന്നത്. 2025-26 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ നടപടികളും 2026-27ലും തുടരുന്നുണ്ട്.
2026-27 വര്‍ഷത്തേക്കും സംസ്‌കൃതപ്രചാരണ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായത്തിനായി കേന്ദ്രസംസ്‌കൃത സര്‍വകലാശാല അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന്റെ തെളിവാണ്.
ഡിജിറ്റല്‍ യുഗത്തിലെ സംസ്‌കൃതം
സംസ്‌കൃതത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധേയമായ മേഖലകളിലൊന്നാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ. ഇന്റര്‍നെറ്റില്‍ സംസ്‌കൃതഗ്രന്ഥങ്ങള്‍, ഇ-പുസ്തകങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, സംസ്‌കൃത വാര്‍ത്തകള്‍, പ്രഭാഷണങ്ങള്‍, ശ്ലോകപാരായണങ്ങള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ചുവരുന്നു. മൊബൈല്‍ ഫോണിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംസ്‌കൃതപഠനം കൂടുതല്‍ എളുപ്പമായിട്ടുണ്ട്.
ഇതോടൊപ്പം കൃത്രിമബുദ്ധി (AI), മെഷീന്‍ ട്രാന്‍സ്ലേഷന്‍, Optical Character Recognition (OCR), speech technology, Natural Language Processing (NLP) തുടങ്ങിയ സാങ്കേതിക മേഖലകളിലും സംസ്‌കൃതത്തിന് വലിയ സാധ്യതകളുണ്ട്. സംസ്‌കൃതത്തിന്റെ വ്യാകരണപരമായ ക്രമബദ്ധതയും സമ്പന്നമായ ഗ്രന്ഥപാരമ്പര്യവും കമ്പ്യൂട്ടേഷണല്‍ ഭാഷാശാസ്ത്രത്തിന് പ്രത്യേക ഗവേഷണസാധ്യതകള്‍ നല്‍കുന്നു.
സംസ്‌കൃതത്തിലൂടെ സംസ്‌കൃതപഠനം
സംസ്‌കൃതപഠന രീതിയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. വിവര്‍ത്തനത്തിലൂടെ മാത്രം സംസ്‌കൃതം പഠിപ്പിക്കുന്നതിന് പകരം ‘സംസ്‌കൃതം സംസ്‌കൃതത്തിലൂടെ’ എന്ന രീതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പ്രവണത ശക്തിപ്പെട്ടുവരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സംസ്‌കൃത പ്രോത്സാഹന പദ്ധതികളിലും (Sanskrit Through Sanskrit) എന്ന സമീപനത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.
സംസ്‌കൃതത്തെ ഒരു പരീക്ഷാ വിഷയത്തില്‍ നിന്ന് ആശയവിനിമയത്തിനുള്ള ഭാഷയായി മാറ്റാനുള്ള ശ്രമമാണിത്. സംസ്‌കൃത സംഭാഷണ ശിബിരങ്ങള്‍, ഓണ്‍ലൈന്‍ പഠനപരിപാടികള്‍, ഭാഷാപരിശീലന ക്യാമ്പുകള്‍ തുടങ്ങിയവ ഈ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നു.
ആധുനിക വിഷയങ്ങളിലേക്കുള്ള സംസ്‌കൃതത്തിന്റെ പ്രവേശനം
ഇന്ന് സംസ്‌കൃത പഠനം സാഹിത്യത്തിലും വ്യാകരണത്തിലും മാത്രം ഒതുങ്ങുന്നില്ല.ഭാരതീയ ജ്ഞാന പരമ്പരയെ അടിസ്ഥാനമാ ക്കി ശാസ്ത്രം, കല, തത്ത്വചിന്ത, നിയമം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളുമായി സംസ്‌കൃതത്തെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.
കേന്ദ്ര സംസ്‌കൃത സര്‍വകലാശാലകളുടെ പുതിയ അക്കാദമിക പദ്ധതികളില്‍ ഭാരതീയ ജ്ഞാനപരമ്പര, ഹിന്ദു സ്റ്റഡീസ്, മതങ്ങളുടെ താരതമ്യപഠനം, കലകള്‍ തുടങ്ങിയ വിഷയങ്ങളോടൊപ്പം സംസ്‌കൃതത്തെ ബന്ധിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
ഇതിലൂടെ സംസ്‌കൃതം ‘ഭൂതകാലത്തിന്റെ ഭാഷ’ എന്നതില്‍ നിന്ന് ‘ഭൂതകാല വിജ്ഞാനത്തെ ആധുനിക ലോകവുമായി ബന്ധിപ്പിക്കുന്ന ഭാഷ’ എന്ന പുതിയ നിലയിലേക്ക് മാറാനുള്ള സാധ്യത കൈവരിക്കുന്നു.
നിലവിലുള്ള വെല്ലുവിളികള്‍
എങ്കിലും ഈ പുരോഗതി വെല്ലുവിളികളില്ലാത്തതല്ല. സ്‌കൂള്‍തലത്തില്‍ സംസ്‌കൃത പഠനത്തിന് മതിയായ വിദ്യാര്‍ത്ഥികളെ ലഭ്യമാക്കുക, പ്രായോഗിക തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുക, മികച്ച അധ്യാപകരെ സൃഷ്ടിക്കുക, ആധുനിക ഗവേഷണ രീതികള്‍ വികസിപ്പിക്കുക, മികച്ച ഡിജിറ്റല്‍ വിഭവങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ മേഖലകളില്‍ ഇനിയും വലിയ പ്രവര്‍ത്തനം ആവശ്യമാണ്.
അതുപോലെ സംസ്‌കൃതത്തിന്റെ മഹത്വം മാത്രം പ്രചരിപ്പിക്കുന്നതിനു പകരം അതിന്റെ സമ്പന്നമായ ഗ്രന്ഥപാരമ്പര്യത്തെ വിമര്‍ശനാത്മകവും ശാസ്ത്രീയവുമായ രീതിയില്‍ പഠിക്കുകയും പുതിയ വിജ്ഞാനം സൃഷ്ടിക്കുകയും വേണം. സംസ്‌കൃതത്തിന്റെ ഭാവി അതിന്റെ ഭൂതകാല മഹത്വത്തില്‍ മാത്രമല്ല, പുതിയ തലമുറയ്‌ക്ക് അത് എത്രത്തോളം പ്രയോജനകരമാക്കാന്‍ കഴിയുന്നു എന്നതിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത് ഭാരതത്തില്‍ സംസ്‌കൃതം അപ്രത്യക്ഷമാകുന്ന ഭാഷയല്ല, മറിച്ച് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മാറിക്കൊണ്ടിരിക്കുന്ന ഭാഷയാണെന്നാണ്.
സര്‍വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, പാഠശാലകള്‍, സ്വകാര്യ സംഘടനകള്‍, പ്രസാധകര്‍, സംസ്‌കൃത ആനുകാലികപ്രസിദ്ധീകരണങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍, യുവജനപ്രസ്ഥാനങ്ങള്‍ എന്നിവ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്‌കൃതത്തിന് കൂടുതല്‍ ശേഭനമായ ഭാവി സൃഷ്ടിക്കാനാകും.
സംസ്‌കൃതത്തിന്റെ പുനരുജ്ജീവനം എന്നത് പഴയ ഗ്രന്ഥങ്ങളെ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല. ആ ഗ്രന്ഥങ്ങളിലുള്ള വിജ്ഞാനത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുകയും പുതിയ സാഹിത്യവും ഗവേഷണവും സൃഷ്ടിക്കുകയും ശാസ്ത്ര-സാങ്കേതികരംഗങ്ങളുമായി ഭാഷയെ ബന്ധിപ്പിക്കുകയുമാണ്.
അങ്ങനെ നോക്കുമ്പോള്‍, ആധുനികഭാരതത്തില്‍ സംസ്‌കൃതത്തിന്റെ മുന്നേറ്റം ഒരു ഭാഷയുടെ പുനരുജ്ജീവനം മാത്രമല്ല, ഭാരതീയ ജ്ഞാന പാരമ്പര്യത്തെ ആധുനിക ലോകവുമായി വീണ്ടും ബന്ധിപ്പിക്കുന്ന ഒരു വലിയ സാംസ്‌കാരിക-വിജ്ഞാന പ്രസ്ഥാനം കൂടിയായി മാറുന്നു എന്നു കാണാം.
ഈ യാത്രയില്‍ സംസ്‌കൃത ആനുകാലികങ്ങള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്.
പുതിയ ഗവേഷണം, പുതിയ രചനകള്‍, സമകാലിക വിഷയങ്ങള്‍, ശാസ്ത്ര-സാങ്കേതിക വിജ്ഞാനം, യുവജനങ്ങളുടെ സംഭാവനകള്‍ എന്നിവ സംസ്‌കൃതത്തില്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ഭാഷയെ സജീവമായി നിലനിര്‍ത്താന്‍ അവയ്‌ക്ക് കഴിയും.
ഒരു പൗരാണിക ഭാഷ എന്ന നിലയില്‍ നിന്നും ആധുനിക വിജ്ഞാനത്തിന്റെ ഭാഷ എന്ന നിലയിലേക്കുള്ള സംസ്‌കൃതത്തിന്റെ യാത്രയാണ് ഇനി ലോകം
ഉറ്റുനോക്കേണ്ടത്.
















