India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഠ്മണ്ഡു/ ന്യൂദല്‍ഹി: പ്രളയത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ കാരണം ഭാരതത്തിലേക്കുള്ള വൈദ്യുതി വിതരണം നേപ്പാള്‍ ഭാഗികമായി വെട്ടിച്ചുരുക്കി. പ്രളയത്തില്‍ നേപ്പാളിലെ 13 ജലവൈദ്യുത നിലയങ്ങള്‍ക്കും ഒരു സോളാര്‍ പ്ലാന്റിനും കാര്യമായ നാശനഷ്ടമുണ്ടായതോടെയാണ് വൈദ്യുതി വിതരണം വെട്ടിച്ചുരുക്കിയത്.

നേപ്പാളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതില്‍ ഭാരതമാണ് ഒന്നാം സ്ഥാനത്ത്. പ്രതിദിനം ശരാശരി 800 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാള്‍ ഭാരതത്തിന് നല്‍കിയിരുന്നത്. ഇത് 400 മെഗാവാട്ടായാണ് കുറച്ചത്. ജലവൈദ്യുത, സോളാര്‍ പ്ലാന്റുകള്‍ തകരാറിലാതോടെ ഏകദേശം 359 മെഗാവാട്ട് ഉത്പാദന ശേഷിയാണ് ഇല്ലാതായത്. ഭാരതത്തിലേക്ക് വൈദ്യുതി നല്‍കുന്ന 14 മെഗാവാട്ട് ശേഷിയുള്ള ദേവീഘട്ട് ജലവൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്ന നിലയിലാണ്. രസുവ ജില്ലയിലെ അപ്പര്‍ ത്രിശൂലി-1 (216 മെഗാവാട്ട്), രസുവാഗഢി (111 മെഗാവാട്ട്), ചിലിമേ (22 മെഗാവാട്ട്) തുടങ്ങിയ പ്രൊജക്റ്റുകളും നുവാകോട്ട് ജില്ലയിലെ അപ്പര്‍ ത്രിശൂലി-3 എ (60 മെഗാവാട്ട്) ഉള്‍പ്പെടെയുള്ള വൈദ്യുതി പദ്ധതികളും തകരാറിലായി.
ഭാരതത്തിനൊപ്പം ബംഗ്ലാദേശിന് നല്‍കിയിരുന്ന വൈദ്യുതി വിഹിതവും ഭാഗികമായി വെട്ടിക്കുറച്ചു. ബംഗ്ലാദേശിന് വൈദ്യുതി നല്‍കുന്ന ചിലിമേ, ത്രിശൂലി എന്നീ പദ്ധതികളെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വൈദ്യുതി കയറ്റുമതി ചെയ്തതിലൂടെ നേപ്പാള്‍ 29.32 ശതകോടി നേപ്പാളി രൂപയാണ് നേടിയത്.

ആഭ്യന്തര വിതരണത്തിലുണ്ടായ തടസങ്ങള്‍ പരിഹരിച്ച് വൈദ്യുതി വിതരണം പഴയപടി പുനസ്ഥാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.