കേരളത്തില്‍ 101 പേര്‍ക്ക് അവസരം യോഗ്യത- എന്‍ജിനീയറിങ് ഡിപ്ലോമ/ബിഇ/ബിടെക്
സപ്തംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍
ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. ആകെ 3993 ഒഴിവുകളുണ്ട്.
തിരുവനന്തപുരം ആര്‍ആര്‍ബിയുടെ കീഴില്‍ കേരളത്തില്‍ 101 പേര്‍ക്കാണ് അവസരം. ഇവിടെ റെയില്‍വേയുടെ വിവിധ വകുപ്പ്/ഉപവകുപ്പിലും ലഭ്യമായ ഒഴിവുകള്‍- ഇലക്ട്രിക്കല്‍/ടിആര്‍ഡി 6, എന്‍ജിനീയറിങ്-പെര്‍മനന്റ് വേ 33, വര്‍ക്ക്‌സ് 20, കാരിയേജ് ആന്‍ഡ്് വാഗണ്‍ 32, എസ് ആന്‍ഡ് ടി/സിഗ്‌നല്‍ 5, ടെലികമ്യൂണിക്കേഷന്‍ 1. പട്ടികജാതി/വര്‍ഗ്ഗം, ഒബിസി നോണ്‍ ക്രീമിലെയര്‍, ഇബ്ല്യുഎസ്, വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് നിശ്ചിത ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ക്ഷാമബത്ത, വീട്ടുവാടകബത്ത, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമകാര്‍ക്കും ബിഇ/ബിടെക് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/സിവില്‍/ഇന്‍ഡസ്ട്രിയല്‍/ഓട്ടോമൊബൈല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ മുതലായ ബ്രാഞ്ചുകാര്‍ക്കാണ് അവസരം. പ്രായപരിധി 18-33 വയസ്. എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ 10 വര്‍ഷം എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്യാത്തവര്‍ക്കും 35 വയസാണ് പ്രായപരിധി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍/വിമുക്തഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. തിരുവനന്തപുരം അടക്കം ഏതെങ്കിലും ഒരു ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റില്‍ സപ്തംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. ഫീസ് 15 വരെ സ്വീകരിക്കും. നിയമനമാഗ്രഹിക്കുന്ന റെയില്‍വേ ഡിവിഷന്‍/മേഖല, തസ്തിക എന്നിവ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്താം. ഒന്നിലധികം ആര്‍ആര്‍ബികളില്‍ അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റായ www.rrbthiruvananthapuram.gov.in ല്‍ ലഭിക്കും.















