കരുനാഗപ്പള്ളി: സ്‌നേഹം, സൗഹൃദം, സാഹോദര്യം, സമൃദ്ധി, സമത്വം, സമര്‍പ്പണം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഓണം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും, കൊച്ചു കൊച്ചു കാര്യങ്ങളില്‍ സന്തോഷിക്കുന്ന ഒരു മനസും നന്ദിയുള്ള ഒരു ഹൃദയവും ഉണ്ടെങ്കില്‍ ഏത് കഷ്ടപ്പാടിലും ഒരു പൊന്നോണത്തെ സൃഷ്ടിക്കാനാവും എന്നും മാതാ അമൃതാനന്ദമയി ദേവി. തിരുവോണദിനത്തില്‍ അമൃതപുരി ആശ്രമത്തില്‍ നടന്ന ഓണാഘോഷച്ചടങ്ങില്‍ തിരുവോണദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിയുടെ പ്രഭാഷണത്തോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ആശ്രമത്തിലെ അന്തേവാസികള്‍ക്കു പുറമേ ഭാരതത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ഭക്തര്‍ പരിപാടികളില്‍ പങ്കാളികളായി.
രാവിലെ മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തില്‍ ധ്യാനം, ലോകശാന്തി പ്രാര്‍ത്ഥന, ഭജന, സത്സംഗം എന്നിവ നടന്നു. തുടര്‍ന്ന് അഞ്ഞൂറിലധികം വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. ഏവര്‍ക്കും ഓണസദ്യയും അമ്മ വിളമ്പി.
















