
തുറവൂര്‍: ചേര്‍ത്തലയില്‍ ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ കണ്ണീരില്‍ അവസാനിച്ച ചരിത്രവുമുണ്ട്.
1954 ല്‍ ചതയദിനത്തോടനുബന്ധിച്ചു നടന്ന സാമുദായിക സൗഹാര്‍ദ്ദ സമ്മേളത്തിനിടെ, അദ്ധ്യക്ഷനായിരുന്ന മനക്കോടം കേശവന്‍ വൈദ്യര്‍ പ്രസംഗത്തിന് ശേഷം, സദസ്സിനെ വണങ്ങി കസേരയിലേക്കിരുന്നതും കുഴഞ്ഞുവീണ് ജീവന്‍ വെടിഞ്ഞതും നിമിഷ നേരം കൊണ്ടായിരുന്നു. ഉദ്ഘാടകനായിരുന്ന എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കട്ടിയാട്ട് ശിവരാമ പ്പണിക്കര്‍ താങ്ങി എടുത്തു കിടത്തി. സദസും വേദിയും ഒരു നിമിഷം നിശ്ചലമായി.
ഗുരുദേവ ദര്‍ശനങ്ങളും സന്ദേശങ്ങളും ഒരു അദ്ധ്യാപകന്‍ ക്ലാസെടുക്കുന്നത് പോലെയാണ് അന്ന് വൈദ്യര്‍ സംസാരിച്ചത്. ഗുരുവിന്റെ അടുത്ത അനുയായിയായിരുന്ന മനക്കോടം കേശവന്‍ വൈദ്യരായിരുന്നു ചേര്‍ത്തലയിലെ എസ്എന്‍ഡിപി യോഗത്തിന്റെയും സമ്മേളനത്തിന്റെയും സംഘാടകന്‍. ഉദ്ഘാടകന്‍ തികഞ്ഞ ശ്രീനാരായണ ഗുരുഭക്തനും എന്‍എസ്എസ് താലു ക്ക് യൂണിയന്‍ പ്രസിഡന്റുമായിരുന്ന കട്ടിയാട്ട് ശിവരാമപ്പണിക്കരായിരുന്നു. കട്ടിയാട്ട്ശിവരാമപ്പണിക്കര്‍ തന്റെ ഒരു മകള്‍ക്കു പേരിട്ടത്ശ്രീനാരായണ ഗുരുദേവനെ കൊണ്ടായിരുന്നു എന്നതും ചരിത്രമാണ്.
ആയുര്‍വേദ്യപണ്ഡിതനായിരുന്ന മനക്കോടം കേശവന്‍വൈദ്യര്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രൊഫസര്‍ ഓഫ് എമിറേറ്റ്‌സ്പട്ടം ലഭിച്ചിരുന്നു. നീണ്ടനാള്‍ ശ്രീനാരായണഗുരുവുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച ശിഷ്യനുമായിരുന്നു.ഗുരുവിന്റെ ശതാബ്ദി ജന്മദിന സമ്മേളനത്തില്‍അദ്ദേഹത്തെപ്പറ്റി ദീര്‍ഘമായി സംസാരിച്ചശേഷം അതേ വേദിയില്‍ മരിച്ചുവീണത് ചരിത്രമായി മാറി. യോഗ നടപടികള്‍ ചുരുക്കിയ ശേഷം കട്ടിയാട്ട് ശിവരാമപ്പണിക്കരടക്കം ശവമഞ്ചത്തിനു പ്രദക്ഷിണം വെച്ച് പ്രണമിച്ചാണു മടങ്ങിയത്. രണ്ടു സമുദായത്തിന്റെ നേതാക്കളായിരിക്കുമ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുകയും അതു വലിയ സന്ദേശമായിസമൂഹത്തിനു നല്‍കുകയുമായിരുന്നു ഇരുവരും.
തിരുവിതാംകൂര്‍ മന്ത്രിസഭയിലെഎംഎല്‍സിയും ചേര്‍ത്തല ബോയ്‌സ് സ്‌കൂള്‍ പ്രഥമാധ്യാപകനുമായിരുന്നു കട്ടിയാട് ശിവരാമപ്പണിക്കര്‍. ചേര്‍ത്തലയിലെ പ്രശസ്തമായ ഈഴവ കുടുംബമായ ഉഴുതുമ്മേല്‍ കിട്ടന്റേയും പാര്‍വ്വതി അമ്മാളിന്റേയും മകനാണ് മനക്കോടം കേശവന്‍ വൈദ്യര്‍.