
കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 ഓളം പേർക്ക് പരിക്കേറ്റു. പെട്രോൾ പമ്പിന് മുന്നിലെ പോസ്റ്റിൽ ഇടിച്ചാണ് ബസ് തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലടിയിൽ നിന്നും ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. പെട്രോൾ പമ്പിലേക്ക് കയറാനായി പെട്ടെന്ന് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പിന്നിൽ വരുന്ന ബസ് ശ്രദ്ധിക്കാതെ സ്കൂട്ടർ പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസ് മറിയുന്ന സമയത്ത് പെട്രോൾ പമ്പിൽ നിന്നും റോഡിലേക്ക് ഇറങ്ങുകയായിരുന്ന മറ്റൊരു സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.