കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭാരതത്തിന് കൂറ്റന്‍ ലീഡ്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്‌ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ നിര വന്‍ തകര്‍ച്ചയെ നേരിടുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എന്ന നിലയിലാണ് ലങ്ക.
ഭാരതത്തിന് മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് ഇന്ത്യന്‍ പേസ്,സ്പിന്‍ ആക്രമണത്തിനു മുന്നില്‍ തുടക്കത്തിലേ തിരിച്ചടിയേറ്റു. പസിന്ദു സൂര്യബന്ദാര (80), കാമിന്ദു മെന്‍ഡിസ് (32) എന്നിവര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി ഭാരത ബൗളര്‍മാര്‍ ലങ്കയെ സമ്മര്‍ദ്ദത്തിലാക്കി. ഭാരതത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്നും മാനവ് സുതര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ ദിനം ദേവ്ദത്ത് പടിക്കലും രണ്ടാം ദിനം ധ്രുവ് ജുറേലും നേടിയ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഭാരതത്തെ 500 കടത്തിയത്. നായകന്‍ ശുഭ്മാന്‍ ഗില്‍ (50), ഋഷഭ് പന്ത് (63) എന്നിവര്‍ അര്‍ധസെഞ്ചുറിയോടെ മികച്ച പിന്തുണ നല്‍കി. യശസ്വി ജയ്സ്വാള്‍ (45), രവീന്ദ്ര ജഡേജ (43) എന്നിവരും തിളങ്ങി. ഒടുവില്‍ 9 വിക്കറ്റിന് 503 റണ്‍സ് എന്ന ശക്തമായ നിലയില്‍ ഭാരതം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
















