Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി ; കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്നതിലെ പ്രമുഖൻ. ഡൽഹി വിപണിയിലെ വൻ ലാഭം മുതലെടുത്താണ് വരുൺദേവ് കോടികളുടെ ഇടപാട് നടത്തിയിരുന്നത്. ലഹരി കടത്തിലൂടെ വരുൺദേവ് കോടികൾ സമ്പാദിച്ചതായാണ് വിവരം.

‘എക്സ്’ എന്നും ‘ബോസ്’ എന്നുമൊക്കെ ഇടനിലക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ് ലഹരി കടത്തിയത് , വണ്ടിക്കച്ചവടത്തിന്റെ മറവിലായിരുന്നു . ഡൽഹി–രാജസ്ഥാൻ അതിർത്തിയിൽ നിന്ന് വാങ്ങി കോട്ടയത്ത് എത്തിച്ച് പിന്നീട് കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് ഇടനിലക്കാർ വഴി ചില്ലറ വിതരണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.

നഗരത്തിലെ പല ആഡംബര കൂട്ടായ്‌മകൾക്കും ലഹരി എത്തിയിരുന്നതിന്റെ യഥാർഥ ഉറവിടം വരുൺ ദേവാണെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് എത്താൻ കഴിയുമെന്നും എക്സൈസ് കരുതുന്നു.ലഹരി വിൽപ്പനയിൽ നേരിട്ട് പങ്കില്ലെങ്കിലും വരുൺദേവ് സമ്പാദിച്ച വൻ സ്വത്തുക്കൾ നോക്കിനടത്തുന്നത് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ കോട്ടയത്തുള്ള യുവനേതാവാണെന്നും സൂചനയുണ്ട്.

ഡൽഹിയിൽ നിന്ന് വാഹനത്തിൽ വരുന്ന സംഘം പകൽ 11 മണിയോടെ പാലക്കാട് അതിർത്തി കടക്കും. ഉച്ചയ്‌ക്ക് 2 മണിയോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ ലഹരി എത്തിക്കും. ഇവിടെ നിന്ന് വിശ്വസ്തരായ ഇടനിലക്കാർ വഴിയാണ് കൊച്ചിയിലെ വിൽപനക്കാരിലേക്ക് ലഹരി കുറച്ചു വീതം എത്തിച്ചിരുന്നത്.

മുമ്പ് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വച്ച് ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഹരി എത്തിച്ചു നൽകിയതിന് പിടിയിലായ ലഹരി സംഘത്തലവൻ തൊടുപുഴ സ്വദേശി കെവിൻ ബി.മാത്യു വരുണിന്റെ ഇടനിലക്കാരിൽ നിന്നാണ് ലഹരി വാങ്ങിയിരുന്നത്. കെവിൻ പിടിയിലായതോടെ ഇയാളുടെ സംഘത്തിലെ പ്രധാനിയായ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവ് മുഹമ്മദ് സാദിഖ് കച്ചവടം ഏറ്റെടുത്തിരുന്നു. സിനിമാ മേഖലയിൽ ഉള്‍പ്പെടെയുള്ളവർ സാദിഖിൽ നിന്ന് എംഡിഎംഎ വാങ്ങിയിരുന്നു. പിന്നാലെ സാദിഖും പിടിയിലായിരുന്നു.

 

 

Recent Posts