കലവൂര്‍: ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍, പരമ്പരാഗത കയര്‍ തൊഴിലാളികളും ചെറുകിട ഫാക്ടറി ഉടമകളും ദുരിതത്തില്‍. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി എന്നതാണ് തങ്ങളുടെ അവസ്ഥയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ചെറുകിട പരമ്പരാഗത കയര്‍ മേഖലയിലെ ഉത്പ്പന്നങ്ങള്‍ക്ക്, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വില ലഭിക്കാത്തതും, അസംസ്‌കൃത വസ്തുക്കളുടെ അടിക്കടിയുള്ള വില വര്‍ദ്ധനവുമാണ് ഈ മേഖലയെ തകര്‍ച്ചയിലേയ്‌ക്ക് നയിക്കുന്ന മുഖ്യ കാരണമെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഉത്പ്പന്ന വില വര്‍ദ്ധനവ് സൊസൈറ്റികള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ലഭിക്കുന്നത്. ആ വര്‍ദ്ധനവ് തങ്ങള്‍ക്കും ലഭിക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. ഈ ഓണക്കാലത്ത് ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് പരമ്പരാഗത ചെറുകിട കയര്‍ ഫാക്ടറി ഉടമകളാണ്.
തൊഴിലാളികള്‍ക്ക് ആഴ്ച കൂലിയും ഓണം ബോണസും നല്‍കണം. കടം കയറി തൊഴില്‍ മേഖല പ്രതിസന്ധിയിലായ ഈ സമയത്തും തൊഴിലാളികളെ പിടിച്ചു നിര്‍ത്തുവാന്‍ പലിശയ്‌ക്ക് പണം വാങ്ങേണ്ടുന്ന സ്ഥിതിയിലാണ് സാധാരണക്കാരായ ചെറുകിട ഫാക്ടറി ഉടമകള്‍.
തൊഴിലുറപ്പ് വേതനം പോലും ലഭിക്കുന്നില്ല
നിലവില്‍ പ്രവര്‍ത്തന സമയം കണക്കാക്കിയാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം പോലും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക ലഭിക്കുന്നില്ല. രാവിലെ ഏഴിന് തറയില്‍ നെയ്‌ത്ത് ആരംഭിച്ച് വൈകിട്ട് ആറു വരെ കഠിനാദ്ധ്വാനം ചെയ്താല്‍ മാത്രമേ നിലവില്‍ കുടുംബം പുലര്‍ത്താന്‍ കഴിയുന്ന വേതനം ലഭിക്കുകയുള്ളു എന്ന് തൊഴിലാളികള്‍ പറയുന്നു. ഈ രംഗത്തേക്ക് യുവാക്കള്‍ ആരും തന്നെ വരാത്തത്, ഇത്തരം പ്രതിസന്ധികള്‍ കാരണമാണ്. വിദേശ രാജ്യങ്ങളില്‍ ഏറെ പ്രിയമായ പരമ്പരാഗത കയര്‍ ഉത്പ്പന്നമായിരുന്ന ചകിരി തടുക്ക്, നിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ അറിവുള്ളവര്‍ ഇല്ലാതാവുകയാണ്.
ചകിരി തടുക്ക് മനുഷ്യ പ്രയത്‌നത്താല്‍ മാത്രം ഉത്പ്പാദനം നടത്തുന്ന ഒന്നായതിനാല്‍ വിദേശ ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. നല്ല വിലയും കിട്ടുമായിരുന്നു എന്ന് അവര്‍ പറഞ്ഞു.
ചെറുകിട ഫാക്ടറി ഉടമകള്‍ ജപ്തി ഭീഷണിയില്‍
പരമ്പരാഗത കയര്‍ മേഖലയേയും ചെറുകിട കയര്‍ ഫാക്ടറി ഉടമകളുടെയും പ്രശ്‌നങ്ങള്‍ എന്താണെന്ന് പഠിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ആഴ്ചത്തേക്ക് അസംസ്‌കൃത വസ്തുക്കളായ ചകിരി, കയര്‍ എന്നിവ വാങ്ങി ഉത്പ്പന്നം നിര്‍മ്മിച്ച ശേഷം വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് കൂലിയും കൊടുത്തു കഴിഞ്ഞാല്‍ അടുത്ത ആഴ്ചത്തേയ്‌ക്ക് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുവാന്‍ നെട്ടോട്ടം മാത്രമാണ് മിച്ചം. സര്‍ക്കാരും മറ്റ് തൊഴിലാളി യൂണിയന്‍ നേതാക്കളും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, പരമ്പരാഗത കയര്‍ തൊഴില്‍ ഇടങ്ങളിലേയ്‌ക്കും, ചെറുകിട കയര്‍ ഫാക്ടറി ഉടകളിലേയ്‌ക്കും ഇറങ്ങി ചെന്ന് പഠനം നടത്തണം.
വന്‍കിട കയര്‍ മുതലാളിമാരുടെ മാത്രം പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കുന്ന പോലെ തങ്ങളുടെ പ്രശനങ്ങളും പഠിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം. പല കയര്‍ ഫാക്ടറി ഉടമകളും ജപ്തി ഭീഷണി നേരിടുകയാണ്. ആര്യാട് പഞ്ചായത്ത് മേഖലയില്‍ പല കുടുംബങ്ങളും ജപ്തി ചെയ്ത് കുടിയൊഴിപ്പിച്ചതിനാല്‍ ഭവന രഹിതരാണ്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഈ മേഖലയില്‍ ഉണ്ടായില്ലായെങ്കില്‍ കൂട്ട ആത്മഹത്യ സംഭവിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ പറയുന്നു.
















