കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഏറ്റുമാനൂർ – ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന ‘തണ്ടപ്ര’ ബസ്സിലെ കണ്ടക്ടർ ഹരികൃഷ്ണന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.
സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ അഞ്ചിലും ആറിലും പഠിക്കുന്ന ഇരുപതിലധികം വിദ്യാർഥികള്‍ക്കാണ് യൂണിഫോമില്‍ അല്ലെന്ന കാരണം പറഞ്ഞ് കണ്‍സഷൻ നിഷേധിച്ചത്. ഇതോടെ മറ്റ് യാത്രക്കാരില്‍ നിന്ന് പണം യാചിച്ചാണ് രണ്ട് രൂപയ്‌ക്ക് പകരം ഇരുപത് രൂപയുടെ ഫുള്‍ ടിക്കറ്റെടുത്ത് കുട്ടികള്‍ യാത്ര ചെയ്തത്.
സംഭവത്തില്‍ രക്ഷിതാക്കള്‍ കോട്ടയം ആർടിഒയ്‌ക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
















