
പത്തനംതിട്ട: കേരളത്തിലെ ആരോഗ്യ മേഖല രൂക്ഷ പ്രതിസന്ധിയില്‍. ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും അനുബന്ധ ജീവനക്കാരുടെ കുറവും, സേവന രംഗത്തെ വലിയ വീഴ്ചകളും, സര്‍ക്കാര്‍ ആശുപത്രികളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നു. 65 വര്‍ഷം മുന്‍പ് നിലവില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
1961ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപിയിലെത്തുന്ന ആദ്യത്തെ 300 രോഗികള്‍ക്ക് ഒരു ഫാര്‍മസിസ്റ്റ് വേണം. തുടര്‍ന്ന് വരുന്ന ഓരോ 200 രോഗികള്‍ക്കും ഒരു അധിക ഫാര്‍മസിസ്റ്റിനെ നിയമിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ ഓരോ 75 കിടക്കയ്‌ക്ക് ഒരു ഫാര്‍മസിസ്റ്റിനെയും നിയമിക്കണം. സംസ്ഥാനത്ത് ഒരാശുപത്രിയില്‍ പോലും ഇതിപ്പോള്‍ പാലിക്കപ്പെടുന്നില്ല. ഈ പാറ്റേണ്‍ നടപ്പിലാക്കിയാല്‍ ഒരു ജില്ലയില്‍ കുറഞ്ഞത് 25 തസ്തികകള്‍ കൂടുതല്‍ ലഭിക്കുമെന്ന് നെഴ്‌സസ് സ്റ്റാഫ് യൂണിയന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതിദിനം 400 മുതല്‍ 800 വരെ രോഗികള്‍ സിഎച്ച്‌സികളിലും 1000 മുതല്‍ 1500 വരെ രോഗികള്‍ താലൂക്ക് ആശുപത്രികളിലും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ എല്ലാം ശരാശരി അഞ്ച് ഫാര്‍മസിസ്റ്റ് എങ്കിലും വേണം. എന്നാല്‍ നിലവിലുള്ളത് ഒരാള്‍ മാത്രം. ആശുപത്രികളിലെ തിരക്കിന് ആനുപാതികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുമെന്ന വാഗ്ദാനം നല്കിയ സര്‍ക്കാര്‍ അത് പാലിക്കാന്‍ തയാറായിട്ടില്ല.
സംസ്ഥാനത്ത് 2306 ഫാര്‍മസിസ്റ്റുകള്‍ പിഎസ്സി പരീക്ഷ എഴുതി ജോലിക്കായി കാത്തിരിക്കുകയാണ്. റാങ്ക് ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉള്ളത് എറണാകുളം ജില്ലയില്‍ നിന്നാണ്- 224 പേര്‍. കുറവ് വയനാടും-116 പേര്‍. പല ജില്ലകളിലും 200 അധികം ആള്‍ക്കാര്‍ പരീക്ഷ കഴിഞ്ഞ് നിയമനം കാത്ത് ഇരിപ്പുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 227 പേരുടെ നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. കമ്മ്യൂണിറ്റി സെന്ററുകളില്‍ മുന്നൂറില്‍ അധികം മരുന്നുകളും താലൂക്ക് ആശുപത്രികളില്‍ അഞ്ഞൂറിലധികം മരുന്നുകളുമാണ് ഡോക്ടര്‍മാരുടെ കുറിപ്പ് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടത്.
2013ല്‍ ജനറ്റിക് മരുന്ന് പദ്ധതി ആരംഭിച്ചതോടെ ഫാര്‍മസിസ്റ്റുകളുടെ ജോലി വീണ്ടും കൂടി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് ജില്ലാ ആശുപത്രികളില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണ് നിലവിലുള്ളത്. മരുന്ന് വിതരണത്തോടൊപ്പം കണക്ക് സൂക്ഷിക്കുകയും, സാമ്പത്തിക ഇടപാടുകളും തുടങ്ങി മറ്റ് അനവധി ജോലികളും ഇവര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ശുശീകരണ ജോലിക്കാര്‍ക്ക് പതിനാറായിരം രൂപ ശമ്പളം കൊടുക്കുമ്പോള്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പന്തീരായിരം രൂപ മാത്രമാണ് ഇപ്പോഴും മാസവേതനമായി സര്‍ക്കാര്‍ നല്കുന്നതെന്നാണ് അറിയുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെ ഡോക്ടര്‍മാരുടെ കുറവും ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. വിവിധ ജില്ലകളിലായി ആയിരത്തോളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 830 അസിസ്റ്റന്റ് സര്‍ജന്മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
കൂടാതെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും നിരവധി ഒഴിവുകള്‍ ഉള്ളതായി പറയപ്പെടുന്നു. നിലവില്‍ 7000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.