മലപ്പുറം: വരും സീസണിലെ സൂപ്പര്‍ ലീഗ് കേരള പോരാട്ടങ്ങള്‍ക്കായി രണ്ട് അണ്ടര്‍-23 താരങ്ങളെ ടീമില്‍ നിലനിര്‍ത്തി മലപ്പുറം എഫ്‌സി. ഗോള്‍കീപ്പര്‍ മുഹമ്മദ് ജെസീന്‍, മുന്നേറ്റ താരമായ മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പുതിയ സീസണിലും മലപ്പുറം എഫ്.സിക്കൊപ്പം തുടരുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനായി കാഴ്ചവെച്ച മികച്ച പ്രകടനവും സ്ഥിരതയും പരിഗണിച്ചാണ് മാനേജ്മെന്റിന്റെ തീരുമാനം.
മുന്നേറ്റത്തിന് വേഗത കൂട്ടാന്‍ റിസ്വാന്‍
കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയില്‍ നിന്ന് മലപ്പുറത്തെത്തിയ 20കാരനായ വിംഗര്‍ മുഹമ്മദ് റിസ്വാനെയും ക്ലബ് നിലനിര്‍ത്തി. കോഴിക്കോട് മുക്കം സ്വദേശിയായ റിസ്വാന് ഇരു വിംഗുകളിലും ഒരുപോലെ മികവ് പുലര്‍ത്താനുള്ള കഴിവുണ്ട്.എഫ്.സി അരീക്കോടിലൂടെ വളര്‍ന്ന താരം 2022-23 റിലയന്‍സ് ഡെവലപ്മെന്റ് ലീഗിലും കേരള പ്രീമിയര്‍ ലീഗിലും ശ്രദ്ധേയ പ്രകടനം നടത്തി. തുടര്‍ന്ന് ഗോകുലം കേരളയ്‌ക്കും ഗോവന്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് ക്ലബ് ക്യാന്‍ഡോലിമിനുമായി ബൂട്ടണിഞ്ഞു. വേഗതയും കൃത്യതയാര്‍ന്ന പാസിംഗും കൊണ്ട് ശ്രദ്ധേയനായ റിസ്വാന്റെ സാന്നിധ്യം പുതിയ സീസണില്‍ മലപ്പുറത്തിന്റെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച നല്‍കും. ഇക്കഴിഞ്ഞ കേരള പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ഗോകുലം കേരള ടീമംഗം കൂടിയാണ് റിസ്വാന്‍.
ഗോള്‍വല കാക്കാന്‍ വീണ്ടും ജെസീന്‍
കേരള ബ്ലാസ്റ്റേഴ്സിന്റെ 22കാരനായ യുവ ഗോള്‍കീപ്പര്‍ മുഹമ്മദ് ജെസീന്‍ കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് മലപ്പുറം എഫ്.സിയുടെ ഭാഗമായത്. നിര്‍ണായക സേവുകളിലൂടെ ടീമിന്റെ ഗോള്‍വല കാക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ച കൊണ്ടോട്ടി സ്വദേശിയായ ജെസീന്റെ സാന്നിധ്യം പുതിയ സീസണിലും മലപ്പുറത്തിന്റെ പ്രതിരോധത്തിന് കരുത്താകും. കൊണ്ടോട്ടി കെ.വൈ.ഡി.എഫ് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട ജെസീന്‍ പറപ്പൂര്‍ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവര്‍ക്കായി അണ്ടര്‍-15, അണ്ടര്‍-18 ഐ-ലീഗ്, കേരള പ്രീമിയര്‍ ലീഗ്, റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് തുടങ്ങിയ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ.എസ്.എല്‍, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ് സ്‌ക്വാഡുകളിലും താരം ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.
















