സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ ഫൈനലിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ അര്‍ജന്റീന താരങ്ങളായ രണ്ട് പേര്‍ക്കെതിരെ ഫിഫ അച്ചടക്ക സമിതിയുടെ കടുത്ത നടപടി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേദേസിന് പത്ത് മത്സരങ്ങളിലും നഹുവേല്‍ മൊളീനയ്‌ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ പിഴയും ചുമത്തിയിട്ടുണ്ട്. അര്‍ജന്റീന സഹ പരിശീലകന്‍ റൊബര്‍ട്ടോ അയാളയ്‌ക്കും മൂന്ന് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് താരം ഗാവിക്കെതിരെയും ഫിഫ നടപടി സ്വീകരിച്ചു.
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഗാവിക്ക് ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ജന്റീന താരം തിയാഗോ അല്‍മാഡയുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് ഗാവിക്കെതിരെ നടപടിയെടുത്തത്. 30,000 ഡോളര്‍ പിഴയും ചുമത്തി. പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക് കൂടാതെ 90,000 ഡോളറിന്റെ പിഴയും ചുമത്തിയിട്ടുണ്ട്. അയാളയ്‌ക്കുമുണ്ട് 30,000 ഡോളര്‍ പിഴ.
കഴിഞ്ഞ മാസം 19ന് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ സ്‌പെയിന്‍-അര്‍ജന്റീന ലോകകപ്പ് ഫൈനലിന് ശേഷമാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ തൊട്ടടുത്ത ദിവസം തന്നെ ഫിഫ അച്ചടക്ക സമിതി ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു.
അര്‍ജന്റീന ടീം ടൂര്‍ണമെന്റ് മൊത്തത്തില്‍ കാഴ്‌ച്ചവച്ച മോശം പെരുമാറ്റത്തിനെതിരെയും ഫിഫ നടപടി സ്വീകരിച്ചിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മേല്‍ മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരം ഡോളറിന്റെ പിഴയാണ് വിധിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഭാഗമായ ഫാക്ക്‌ലാന്‍ഡ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് വ്യക്തമാക്കുന്ന ബാനറുമായി അര്‍ജന്റീന താരങ്ങള്‍ പ്രകടനം നടത്തിയിരുന്നു.
















