തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാണ്‍ഡ്രം റോയല്‍സിനെതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിള്‍സ്. റോയല്‍സ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം റിപ്പിള്‍സ് 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടി എസ് വിനിലിന്റെയും മൊഹമ്മദ് അസറുദ്ദീന്റെയും തകര്‍പ്പന്‍ പ്രകടനമാണ് റിപ്പിള്‍സിന് ഉജ്ജ്വല വിജയം ഒരുക്കിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടി എസ് വിനിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ 126/8, ആലപ്പി റിപ്പിള്‍സ് – 12.5 ഓവറില്‍ 127/2
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാണ്‍ഡ്രം റോയല്‍സിന് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനായില്ല. ആദ്യ മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളുമായി കളം നിറഞ്ഞ ടി എസ് വിനിലാണ് റോയല്‍സ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. അപകടകാരികളായ വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അഭിഷേക് പി നായര്‍ എന്നീ താരങ്ങളെയാണ് വിനില്‍ തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് മടക്കിയത്. അനാവശ്യ റണ്ണിനായോടി ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് കൂടി പുറത്തായതോടെ നാല് വിക്കറ്റിന് 21 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. മധ്യനിരയില്‍ സിജോമോന്‍ ജോസഫും ഭരത് സൂര്യയും കെ അജീഷും നടത്തിയ ചെറുത്തുനില്‍പ്പാണ് റോയല്‍സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 46 റണ്‍സുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. കെ അജീഷ് 23-ഉം ഭരത് സൂര്യ 17-ഉം റണ്‍സെടുത്തു. റിപ്പിള്‍സിന് വേണ്ടി വിനില്‍ ടി എസ് മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സിന് മൊഹമ്മദ് അസറുദ്ദീന്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അസറുദ്ദീന്‍ 20 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 4.2 ഓവറില്‍ റിപ്പിള്‍സിന്റെ സ്‌കോര്‍ 50 കടന്നു. 29 പന്തുകളില്‍ എട്ട് ഫോറും അഞ്ച് സിക്‌സുമടക്കം 68 റണ്‍സ് നേടിയ അസറുദ്ദീന്‍ നിഖിലിന്റെ പന്തില്‍ അക്ഷയ് മനോഹര്‍ ക്യാച്ചെടുത്താണ് പുറത്തായത്. പക്ഷെ അതിനകം തന്നെ റിപ്പിള്‍സ് വിജയം ഉറപ്പിച്ചിരുന്നു. തുടര്‍ന്നെത്തിയ കെ എ അരുണും സച്ചിന്‍ ബേബിയും ചേര്‍ന്ന് റിപ്പിള്‍സിനെ അനായാസം വിജയത്തിലെത്തിച്ചു. സച്ചിന്‍ ബേബി 26ഉം കെ എ അരുണ്‍ 24-ഉം റണ്‍സുമായി പുറത്താകാതെ നിന്നു. റോയല്‍സിന് വേണ്ടി നിഖിലും ബേസില്‍ എന്‍ പിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
















