
തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയൻ രാജി വച്ചു. അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകിയിരുന്നു. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പിൽ പുല്ലമ്പാറയിലെ ‘കള്ളൻ വിജയൻ’ എന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് അതേ പേരിട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്. ഈ തലക്കെട്ട് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അജയൻ അതിന് തയ്യാറായില്ല. ഇത് പാർട്ടിയിലും പത്രത്തിലും വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ, അദ്ദേഹത്തോട് ഔദ്യോഗികമായി സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു.
പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയത് അവസാന നിമിഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രസിദ്ധീകരണം തടയുകയായിരുന്നു. തലക്കെട്ട് മാറ്റാൻ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയൻ തയ്യാറാകാതിരുന്നതാണ് പതിപ്പ് വൈകാൻ കാരണമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് വിവാദമായ പേജ് പൂർണ്ണമായി ഒഴിവാക്കിയ ശേഷമാണ് അടുത്ത ദിവസം വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.