അല്‍ഗോരിതം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ദേശീയ ചര്‍ച്ചയായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ഇത് ഒരു കമ്പനിയുടെയോ വീഡിയോയുടെയോ മാത്രം പ്രശ്‌നമല്ല. നാളെ ഈ അല്‍ഗോരിതം ആരുടെ ശബ്ദമാണ് നിശബ്ദമാക്കുക, ആരുടെ കുട്ടിയാണ് അപകടത്തിലാവുക, ഏത് സത്യമാണ് അപ്രത്യക്ഷമാവുക എന്നത് പ്രവചിക്കാനാവില്ല. ടെക്‌നോളജി കമ്പനികള്‍ വളരുന്നതിനൊപ്പം അവയുടെ ഉത്തരവാദിത്തവും വളരണം.
നിയമസഭകളും മാധ്യമങ്ങളും പൗരസമൂഹവും രക്ഷിതാക്കളും ചേര്‍ന്ന് ചില ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കേണ്ടതുണ്ട്:
*നമ്മുടെ കുട്ടികളുടെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ്?
*നമ്മുടെ അഭിപ്രായങ്ങളില്‍ ബാഹ്യ താല്പര്യങ്ങള്‍ കടന്നുകൂടുന്നത് എങ്ങനെ?
*നമ്മള്‍ തെരഞ്ഞെടുത്ത ഭരണാധികാരികളുടെ ശബ്ദം തടയാന്‍ ഇവര്‍ക്ക് ആര് അധികാരം നല്‍കി?
*ജനാധിപത്യ ചര്‍ച്ചകളുടെ ദിശ നിയന്ത്രിക്കുന്നത് ആരാണ്?
*അല്‍ഗോരിതത്തിന്റെ തീരുമാനങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് ആരാണ്?
സേഫ് ഹാര്‍ബര്‍ പരിരക്ഷ എന്നാല്‍
വിവരസാങ്കേതിക നിയമം, 2000ലെ സെക്ഷന്‍ 79 പ്രകാരം ഇന്‍ഫര്‍മേഷന്‍ ഇന്റര്‍മീഡിയറികള്‍ക്ക് (മെറ്റ, വാര്‍ട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് മുതലായവ) ലഭിക്കുന്ന നിയമപരിരക്ഷയാണ് സേഫ് ഹാര്‍ബര്‍’. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരില്‍ പ്ലാറ്റ്‌ഫോമുകളെ നേരിട്ട് കുറ്റക്കാരാക്കാതിരിക്കാന്‍ ഈ വ്യവസ്ഥ സഹായിക്കുന്നു. നിയമം നിര്‍ദ്ദേശിക്കുന്ന ‘ഡ്യൂ ഡിലിജന്‍സ്’ പാലിക്കുന്നിടത്തോളം കാലം ഇവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാല്‍, കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താല്‍ ഈ പരിരക്ഷ നഷ്ടപ്പെടും. ഡീപ്‌ഫേക്ക്, ഓണ്‍ലൈന്‍ ചൂഷണം, വിദ്വേഷ പ്രചാരണം എന്നിവ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാണ്. സേഫ് ഹാര്‍ബര്‍ എന്നത് നിരുപാധികമായ ഇളവല്ല; നിയമബാധ്യതകള്‍ പാലിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ഒന്നാണ്. അത് പുനഃപരിശോധിക്കാന്‍ ജനാധിപത്യ ഭരണകൂടത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.
എതിര്‍വാദങ്ങളുടെ പ്രസക്തി
ചര്‍ച്ചയില്‍ മെറ്റയുടെ വാദങ്ങളും പരിശോധിക്കേണ്ടതുണ്ട്. പ്രതിദിനം കോടിക്കണക്കിന് പോസ്റ്റുകള്‍ വരുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ നൂറു ശതമാനം കൃത്യതയോടെ പരിശോധന നടത്തുക സാങ്കേതികമായി അസാധ്യമാണെന്ന വാദത്തില്‍ യാഥാര്‍ത്ഥ്യമുണ്ട്. അല്‍ഗോരിതങ്ങള്‍ക്ക് മനുഷ്യഭാഷയുടെ സൂക്ഷ്മതകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പരിമിതികളുണ്ട്. കൂടാതെ, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താല്‍ പ്ലാറ്റ്‌ഫോമുകള്‍ അമിത ജാഗ്രത കാണിച്ച് ന്യായമായ രാഷ്‌ട്രീയ വിമര്‍ശനങ്ങളും ചോദ്യങ്ങളും തടയാന്‍ തുടങ്ങിയാല്‍ അത് അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണിയാകും എന്ന ആശങ്കയും നിഷേധിക്കാനാവില്ല.
എന്നാല്‍, മെറ്റയുടെ ഈ ന്യായീകരണം സ്വന്തം അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നില്ല. പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിച്ചാണ് പ്രസിദ്ധീകരിക്കുന്നതെന്നും, എന്റ്-ടു-എന്റ് പരിശോധനയുണ്ടെന്നും, ഉള്ളടക്ക തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും നിഷ്പക്ഷരാണെന്നുമാണ് കമ്പനി സ്വയം അവകാശപ്പെടുന്നത്. ഈ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ ‘സാങ്കേതിക പരിമിതി’ എന്ന ന്യായീകരണത്തിന് സ്ഥാനമില്ല. കമ്പനി അവകാശപ്പെടുന്ന കൃത്യത സത്യമാണെങ്കില്‍, കുട്ടികള്‍ക്കെതിരായ ചൂഷണ പരസ്യങ്ങള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഒന്നുകില്‍ അവരുടെ പരിശോധനാ അവകാശവാദം അതിശയോക്തിയാണ്; അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ ലാഭകരമായ ഉള്ളടക്കത്തെ അവഗണിച്ചു. ഇത് രണ്ടും കമ്പനിയുടെ ഉത്തരവാദിത്തത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ സംഭവത്തില്‍ നിന്ന് പഠിക്കേണ്ട ഏറ്റവും വലിയ പാഠം ലളിതമാണ്: ‘മെറ്റയ്‌ക്ക് തെറ്റ് പറ്റിയോ?’ എന്നതല്ല യഥാര്‍ത്ഥ ചോദ്യം. തെറ്റ് സംഭവിക്കാമെന്ന് അറിഞ്ഞിട്ടും, അതിന്റെ പ്രത്യാഘാതം കുട്ടികളും സാധാരണ പൗരന്മാരും അടങ്ങുന്ന ജനാധിപത്യ സംവിധാനം അനുഭവിക്കേണ്ടി വരുന്ന രീതിയില്‍ ഒരു സിസ്റ്റം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്തുകൊണ്ട് എന്നതാണ് ചോദിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്ററി സമിതിയും സ്വീകരിച്ച കടുത്ത നിലപാട് അതുകൊണ്ട് തന്നെ ഒട്ടും അമിതമാകുന്നില്ല, മറിച്ച് അനിവാര്യവും ക്രിയാത്മകവുമായ ഒരു തിരുത്തലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, അതിന്റെ പൗരന്മാരുടെ സുരക്ഷയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ആഗോള സാങ്കേതികവിദ്യാ ഭീമന്മാരോട് കണക്കും ചോദ്യങ്ങളും ചോദിക്കുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ പ്രവണതയാണ്. ഈ ചര്‍ച്ച ഇവിടെ അവസാനിക്കരുത് ഇത് നിയന്ത്രിത സാങ്കേതികവിദ്യയും ജനങ്ങളാടുള്ള പ്രതിബദ്ധതയും തമ്മിലുള്ള, ലാഭവും സുരക്ഷയും തമ്മിലുള്ള, അല്‍ഗോരിതവും മനുഷ്യത്വവും തമ്മിലുള്ള ഒരു വിശാലമായ ദേശീയ സംവാദത്തിന്റെ തുടക്കം മാത്രമാണ്.
അവസാനിച്ചു
















