കൊച്ചി: കോടതി നടപടികള്‍ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബ് ചാനലിലിട്ട അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കേരളത്തിലെ ഏതെങ്കിലും ഓണ്‍ലൈന്‍/വെര്‍ച്വല്‍ കോടതി നടപടികളില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാത്യൂസ് ഹാജരാകുന്നത് ഡിവിഷന്‍ ബെഞ്ച് വിലക്കി.
ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും മാത്യൂസ് ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി രജിസ്ട്രി ബെഞ്ചിന്‌റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
2025 ലെ ഇലക്ട്രോണിക് ഓഡിയോ-വീഡിയോ ലിങ്കേജ് ചട്ടങ്ങളിലെ 3(9) പ്രകാരം, ഹൈക്കോടതിയുടെയോ ബന്ധപ്പെട്ട കോടതിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ, കോടതി നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പ്രക്ഷേപണം ചെയ്യുന്നതോ, ഫോട്ടോ എടുക്കുന്നതോ, പ്രസിദ്ധീകരിക്കുന്നതോ, റെക്കോര്‍ഡ് ചെയ്യുന്നതോ പങ്കിടുന്നതോ നിരോധിച്ചിട്ടുണ്ട്.















