
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ അണക്കെട്ട് പണിയണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരളം. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചത്. അണക്കെട്ട് നിര്‍മിക്കുന്നതിന്റെ മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാമെന്നും വിഡി സതീശന്‍ പറഞ്ഞു.
വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഡാമിൽ നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കി. കേരളത്തിന് പലതും പറയാമെന്നും തമിഴ്‌നാടിന് വെള്ളം കിട്ടിയാലത് കേരളത്തിന് ഗുണകരമെന്ന് തമിഴ്‌നാട് ഊര്‍ജ മന്ത്രി പറഞ്ഞു.
ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞു. ജലനിരപ്പ് ഉയർത്തിയാൽ മാത്രമെ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂവെന്ന് വിജയ് യോഗത്തിൽ വ്യക്തമാക്കി. നേരത്തെ മുല്ലപെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിനെതിരായ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കേരളം സഹകരിച്ചില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇതുകൂടാതെ മറ്റ് നിരവധി ആവശ്യങ്ങളും മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തില്‍ മുന്നോട്ട് വച്ചു. സംസ്ഥാനത്തെ ദരിദ്ര ജനങ്ങളുടെ ക്ഷേമം സംബന്ധിച്ചാണ് വിഡി സതീശന്‍ ആദ്യം യോഗത്തില്‍ സംസാരിച്ചത്. ഇത്തരം ജനങ്ങള്‍ക്ക് വേണ്ടി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പൂർണമായും സംയോജിത രീതിയിൽ നടപ്പിലാക്കുന്നുണ്ട്. ഇതുകൂടാതെ കഴിഞ്ഞ വർഷത്തിൽ ഈ പദ്ധതി പ്രകാരം കേരളത്തിന്റെ ചെലവ് 1,493 കോടി രൂപയായിരുന്നു, അതേസമയം ദേശീയ ആരോഗ്യ അതോറിറ്റിയിൽ നിന്ന് ലഭിച്ച സഹായം ഏകദേശം 151 കോടി രൂപ മാത്രമാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്നുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റെ വിഹിതം രണ്ടായി പരിഷ്‌കരിക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. വയ് വന്ദന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് സ്വാഗതാർഹമായ ഒരു നടപടിയാണ് എന്നാല്‍ പദ്ധതിയിലൂടെ മതിയായ ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.