Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

Published by
ഐശ്വര്യ ആര്‍. ആര്‍

ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 23-ന് രാത്രി രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഒരു പ്രധാന വിഷയത്തില്‍ അവരുമായി നേരിട്ട് സംവദിക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെക്കുന്നു. വിഷയത്തില്‍ കര്‍ശന നടപടിയും അതിവേഗ വിചാരണയും ശക്തമായ ശിക്ഷയും ഉറപ്പുനല്‍കിയ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ടു വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ തൊട്ടടുത്ത ദിവസം അതേ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ ഫേസ്ബുക്ക് പതിപ്പാണ് വിവാദമായത്. നാലു ദിവസത്തിനു ശേഷം, പുലര്‍ച്ചെ ഈ വീഡിയോ ഫേസ്ബുക്കില്‍ ഭാരതത്തില്‍ ലഭ്യമല്ലാതായി. മറ്റു രാജ്യങ്ങളില്‍ അപ്പോഴും ലഭ്യമായിരുന്നുവെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്. ആരും അറിയാതെയും ആരോടും ചോദിക്കാതെയും ഒരു അല്‍ഗോരിതം സ്വയം ആ തീരുമാനമെടുത്തു; അല്ലെങ്കില്‍ എടുപ്പിച്ചു.

ഏകദേശം അഞ്ചു മണിക്കൂറിനു ശേഷമാണ് വീഡിയോ വീണ്ടും ലഭ്യമായത്. രാജ്യത്തെ വിദ്യാര്‍ത്ഥികളോടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്രയും സമയം അപ്രത്യക്ഷമായത് ഭാരതവും ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.

ഇത് ഒരു വീഡിയോയുടെ മാത്രം പ്രശ്‌നമല്ല. നമ്മള്‍ കാണേണ്ട വാര്‍ത്തകള്‍ തീരുമാനിക്കുന്നത് ആരാണ്? നമ്മുടെ കുട്ടികളുടെ സ്‌ക്രീനുകളിലെത്തുന്ന ഉള്ളടക്കം നിയന്ത്രിക്കുന്നത് ആരാണ്? ഒരു ജനാധിപത്യ രാജ്യത്തെ പൊതുചര്‍ച്ചകളുടെ നിയന്ത്രണം കൈയാളേണ്ടത് നമ്മളോ അതോ ബാഹ്യശക്തികളോ? ഇത്തരം അടിസ്ഥാന ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്.

‘സാങ്കേതിക പിഴവ്’ എന്ന മെറ്റയുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിച്ചാല്‍ അതില്‍ വസ്തുതയില്ലെന്നു കാണാം. ഒരേ സമയം രണ്ടു കാര്യങ്ങള്‍ ശരിയാകാന്‍ വഴിയില്ല: കോടിക്കണക്കിന് ഉപയോക്താക്കള്‍ സൗജന്യമായി പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ക്കിടയില്‍, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദേശം ‘അബദ്ധത്തില്‍’ ഒഴിവാക്കപ്പെട്ടു എന്ന് അവകാശപ്പെടുന്നു. മറു വശത്ത്, കമ്പനിക്ക് പണം നല്‍കി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍, അതായത് പ്രസിദ്ധീകരണത്തിന് മുന്‍പ് കമ്പനി നിര്‍ബന്ധമായും പരിശോധിക്കേണ്ട ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളിലേക്ക് വഴിതെളിക്കുന്നതായി കണ്ടെത്തി. അപകടകരമല്ലാത്തതിനെ തടയാനും അപകടകരമായതിനെ കടത്തിവിടാനും ഒരു സംവിധാനത്തിന് ഇത്ര കൃത്യതയോടെ തെറ്റാന്‍ കഴിയുമോ?

ഇവിടെയാണ് യഥാര്‍ത്ഥ ചോദ്യം ഉയരുന്നത്: മെറ്റയുടെ സുരക്ഷാ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ദോഷകരമായ ഉള്ളടക്കം തടയാനാണോ, കമ്പനിയുടെ നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തലയൂരാനാണോ? ദശലക്ഷക്കണക്കിന് പോസ്റ്റുകള്‍ നീക്കം ചെയ്തു എന്ന് ആവര്‍ത്തിക്കുന്നതിലല്ല, ‘പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്, അപകടകരമായ എത്ര ഉള്ളടക്കം തടഞ്ഞു’ എന്നതിലാണ് കമ്പനിയുടെ ജാഗ്രത അളക്കേണ്ടത്. പണം സ്വീകരിച്ചു കഴിഞ്ഞാല്‍ ആ പരസ്യത്തിന്റെ വിജയത്തില്‍ കമ്പനിക്ക് നേരിട്ട് സാമ്പത്തിക താല്പര്യമുണ്ട്. അങ്ങനെയൊരു കമ്പനി, ചില കാര്യങ്ങള്‍ മാത്രം ‘ഞങ്ങള്‍ അറിയാതെ സംഭവിച്ചു പോയി’ എന്ന് ന്യായീകരിക്കുന്നത് തികച്ചും ദുര്‍ബലമാണ്.

‘ഇന്റര്‍മീഡിയറി’ എന്ന മുഖംമൂടി

‘ഞങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണ്, ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല’ എന്നതാണ് മെറ്റയുടെ സ്ഥിരം വാദം. ഇതിന്റെ ബലത്തിലാണ് ഐടി നിയമത്തിലെ സെക്ഷന്‍ 79 പ്രകാരമുള്ള ‘സേഫ് ഹാര്‍ബര്‍’ പരിരക്ഷ കമ്പനിക്ക് ഇതുവരെ ലഭിച്ചിരുന്നത്. ഈ വിവാദത്തോടെ ആ മുഖംമൂടി അഴിഞ്ഞുവീണു. അല്‍ഗോരിതം ഉപയോഗിച്ച് ഏത് ഉള്ളടക്കത്തിന് കൂടുതല്‍ റീച്ച് വേണമെന്ന് സ്വയം തീരുമാനിക്കുകയും, അതിനായി പണം കൈപ്പറ്റുകയും ചെയ്യുന്ന കമ്പനി എങ്ങനെയാണ് നിഷ്പക്ഷ ഇടനിലക്കാരനാകുന്നത്? ഉള്ളടക്കം തിരഞ്ഞെടുക്കുക, ക്യൂറേറ്റ് ചെയ്യുക, ആളുകളിലേക്ക് എത്തിക്കുക എന്നീ പ്രസാധകന്റെ ധര്‍മ്മമാണ് മെറ്റയും ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍, ഒരു പ്രസാധകനുള്ള നിയമബാധ്യതകള്‍ മെറ്റയ്‌ക്കും ബാധകമല്ലേ? തങ്ങള്‍ക്ക് ലഭിച്ച നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യാന്‍ മെറ്റയല്ല, ആരു ശ്രമിച്ചാലും എതിര്‍ക്കപ്പെടണം.

കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ഉന്നയിക്കുന്നത് ഇതേ ചോദ്യമാണ്. ഇത് കേവലം രാഷ്‌ട്രീയ വൈരാഗ്യമോ ഒരു വീഡിയോയുടെ പേരിലുള്ള വാശിയോ അല്ല. തത്വാധിഷ്ഠിതമായ ഒരു നിലപാടാണ്. വ്യക്തമായ നിയമസംവിധാനമുള്ള രാജ്യത്ത് നിയമപരിരക്ഷ എന്നത് നിരുപാധികമായ ആനുകൂല്യമല്ല; കൃത്യമായ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം ലഭിക്കേണ്ട ഒന്നാണ്. ആ നിബന്ധനകള്‍ ലംഘിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യപ്പെടുക എന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വമാണ്.

ഇതൊരു വീഡിയോയുടെ മാത്രം പ്രശ്‌നമല്ല. ഈ സംഭവത്തിന് തൊട്ടുമുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അനിയന്ത്രിതമായ ബാലചൂഷണ പരസ്യങ്ങളെക്കുറിച്ച് ആആഇ ഋ്യല ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭാരതത്തിലെ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രചരിപ്പിച്ച ചില പരസ്യങ്ങള്‍, കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ വില്‍ക്കുന്ന അക്കൗണ്ടുകളിലേക്കും ടെലഗ്രാം ചാനലുകളിലേക്കും വഴിതെളിക്കുന്നു എന്ന് അതില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം മെറ്റയോട് വിശദീകരണം തേടുകയും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പണം വാങ്ങി നല്‍കുന്ന പരസ്യങ്ങള്‍ പോലും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെങ്കില്‍, മെറ്റയുടെ ഉള്ളടക്ക പരിശോധനാ സംവിധാനത്തിന്റെയും ‘വെറും ഇടനിലക്കാര്‍’ എന്ന വാദത്തിന്റെയും വിശ്വാസ്യത തകരുകയാണ്. അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയുടെ വീഡിയോ ജിയോ-ബ്ലോക്ക് ചെയ്ത സംഭവവും ഈ അന്വേഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന് നല്‍കിയ ക്ഷമാപണത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിനൊപ്പം ചൈല്‍ഡ് പോര്‍ണോഗ്രാഫിയും ഡീപ്‌ഫേക്കും ഉള്‍പ്പെടുത്താന്‍ മെറ്റ നിര്‍ബന്ധിതരായി. സുരക്ഷയേക്കാള്‍ ലാഭത്തിനും വേഗതയ്‌ക്കും വ്യാപ്തിക്കുമാണ് മെറ്റ മുന്‍ഗണന നല്‍കുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഡീപ്‌ഫേക്കുകളെ തിരിച്ചറിയാത്ത മെറ്റ

ഡീപ്‌ഫേക്ക് വിഷയം ഈ വൈരുധ്യം കൂടുതല്‍ രൂക്ഷമാക്കുന്നു. ഔദ്യോഗികവും പ്രസക്തവുമായ ഒരു സന്ദേശം വളഞ്ഞ വഴിയിലൂടെ തടയപ്പെടുമ്പോള്‍, വ്യാജവും ദോഷകരവുമായ ദൃശ്യങ്ങള്‍ തടസ്സമില്ലാതെ പ്രചരിക്കപ്പെടുന്നു. യന്ത്രത്തിന് സത്യം തിരിച്ചറിയാന്‍ കഴിയില്ല എന്നത് ഒരു സൗകര്യമായി മെറ്റ ഉപയോഗിക്കുകയാണോ? അല്‍ഗോരിതങ്ങള്‍ക്ക് പാറ്റേണുകള്‍ മാത്രമേ തിരിച്ചറിയാനാകൂ. ഭാഷയുടെ സൂക്ഷ്മതകള്‍, പരിഹാസം, പ്രാദേശിക രാഷ്‌ട്രീയ-സാംസ്‌കാരിക പശ്ചാത്തലം എന്നിവ മനസ്സിലാക്കാന്‍ കഴിയാത്ത അല്‍ഗോരിതം ചിലപ്പോള്‍ നിരപരാധിയായ ഉള്ളടക്കത്തെ ശിക്ഷിക്കുകയും അപകടകരമായതിനെ കടത്തിവിടുകയും ചെയ്യും. ഇത് സാങ്കേതികവിദ്യയുടെ പരിമിതി മാത്രമല്ല, ആ പരിമിതി അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കമ്പനി തയ്യാറാകാത്തതിന്റെ പ്രശ്‌നവുമാണ്.

ഭാരതത്തിന്റെ നിലപാട്

ഇവിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെയും പാര്‍ലമെന്ററി സമിതിയുടെയും നിലപാട് പ്രസക്തമാകുന്നത്. മൂന്ന് ദിവസത്തിനകം ക്ഷമാപണം ആവശ്യപ്പെട്ടതും സേഫ് ഹാര്‍ബര്‍ പരിരക്ഷ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും അമിത പ്രതികരണമാണെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍, യാഥാര്‍ത്ഥ്യം മറിച്ചാണ്. കോടിക്കണക്കിന് ജനങ്ങള്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോം സ്വന്തം അല്‍ഗോരിതത്തിന് മുന്നില്‍ ആര്‍ക്കും ഉത്തരം പറയേണ്ടതില്ലെന്ന അവസ്ഥ തുടരുന്നത് ആപത്താണ്. ഭാരതം ആവശ്യപ്പെടുന്നത് പ്രത്യേക പരിഗണനയല്ല, സുതാര്യതയും ഉത്തരവാദിത്തവുമാണ്. പൗരന്മാരുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം ആഗോള കമ്പനികളോട് കണക്കുചോദിക്കാന്‍ ഏതൊരു പരമാധികാര രാജ്യത്തിനും അവകാശമുണ്ട്. മെറ്റയുടെ ക്ഷമാപണം അവസാനമല്ല, തുടക്കം മാത്രമാണ്. സ്വതന്ത്ര സുരക്ഷാ ഓഡിറ്റ്, പരസ്യങ്ങളുടെ സുതാര്യത, പ്രാദേശിക ഭാഷാ വൈദഗ്ധ്യമുള്ള മോഡറേറ്റര്‍മാര്‍, ഇരകള്‍ക്ക് വേഗത്തിലുള്ള നീതി, നിയമലംഘനങ്ങള്‍ക്ക് കൃത്യമായ പ്രത്യാഘാതം എന്നിവ ഉറപ്പാക്കിയാല്‍ മാത്രമേ ഈ ക്ഷമാപണത്തിന് അര്‍ത്ഥമുണ്ടാകൂ.

(നാളെ: സുരക്ഷ പൊതുചര്‍ച്ചയാകണം)

 

Recent Posts