പ്രവേശനം 23-28 വരെ
വിശദവിവരങ്ങള്‍ : www.cee.kerala.gov.in ല്‍
കേരളത്തില്‍ 2026-27 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ആഗസ്ത് 20 ഉച്ചക്ക് 12നകം ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്. 20 വരെ ലഭിക്കുന്ന ഓപ്ഷനുകള്‍ പരിഗണിച്ച് ആഗസ്ത് 21ന് വൈകുന്നേരം താല്‍ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും 22ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധപ്പെടുത്തും. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, അലോട്ട്‌മെന്റ്, പ്രവേശന നടപടിക്രമങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ആഗസ്ത് 23-28 വൈകിട്ട് 4 മണിക്കകം കോളേജില്‍ ഫീസ് അടച്ച് പ്രവേശനം നേടാം. ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടുന്ന കോളേജുകളും കോഴ്‌സുകളും സംവരണവും കോഴ്‌സ് ഫീസ് നിരക്കുകളുമെല്ലാം വിജ്ഞാപനത്തില്‍ ലഭിക്കും.
ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്: 5000 രൂപ. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കാണ് ഫീസ് അടയ്‌ക്കേണ്ടത്. ഗവണ്‍മെന്റ് മെഡിക്കല്‍/ഡന്റല്‍ കോളജില്‍ പ്രവേശനം നേടുന്നവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായശേഷം തുക തിരികെ നല്‍കും.
എസ്‌സി/എസ്ടി/ഒഇസി അടക്കം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ നല്‍കിയാല്‍ മതി. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഫീസ് തിരികെ നല്‍കും.
സ്വാശ്രയ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക കോളേജില്‍ അടയ്‌ക്കണം. ഗവണ്‍മെന്റ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് തുകയും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതാണ്. (എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍ അടക്കം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ടോക്കന്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ കോളേജുകളിലെ മൈനോരിറ്റി സീറ്റില്‍ ഈ ഇളവ് ലഭിക്കില്ല).
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പ്രവേശനമാഗ്രഹിക്കുന്ന കോളേജുകള്‍ ഉള്‍പ്പെടുത്തി എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും സമര്‍പ്പിക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ട് നിശ്ചിത തിയതിക്കകം പ്രവേശനം നേടിയില്ലെങ്കില്‍ അത് റദ്ദാകുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പങ്കെടുപ്പിക്കുകയുമില്ല. അതിനാല്‍ പ്രവേശനം നേടാന്‍ താല്‍പര്യമുള്ള കോളേജുകള്‍ മാത്രം ഓപ്ഷനുകളില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വിവിധ കാരണങ്ങളാല്‍ റാങ്ക്‌ലിസ്റ്റില്‍ ഫലം തടഞ്ഞുവച്ചിട്ടുള്ളവര്‍ക്കും ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. ആഗസ്ത് 19 നകം ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മതി. അല്ലാത്തപക്ഷം അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
ഫീസ് ഘടന: നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്‌സിന് 23,150 രൂപയും ഡന്റല്‍ കോളേജില്‍ ബിഡിഎസ് കോഴ്‌സിന് 20840 രൂപയുമാണ്. സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന വിജ്ഞാപനത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.















