ന്യൂദല്‍ഹി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര നിയമ വിദ്യാര്‍ത്ഥികളോട് ക്ഷമാപണം നടത്തി. ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ (നാല്‍സാര്‍) ബിരുദദാന സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്് പങ്കെടുക്കുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് ബിസിഐ ബിരുദദാനംതന്നെ നിര്‍ത്തിവച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിസിഐ ഈ സംഭവം കൈകാര്യം ചെയ്തത രീതിയില്‍ മിശ്ര പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നാല്‍സാറിന്റെ സ്റ്റുഡന്റ് ബാര്‍ കൗണ്‍സിലും രംഗത്തുവന്നിരുന്നു. നിയമസമൂഹത്തില്‍ നിന്നടക്കമുള്ള വിമര്‍ശനത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിസിഐ തീരുമാനം മാറ്റുകയായുരുന്നു. ഇതിന്‌റെ തുടര്‍ച്ചയായാണ് ചെയര്‍പേഴ്സന്‌റെ ക്ഷമാപണം.
‘ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട എന്തെങ്കിലും, എന്റെ ഏതെങ്കിലും വാക്കുകളോ കത്തോ നമ്മുടെ നിയമ വിദ്യാര്‍ത്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഇങ്ങനെ പറയുന്നതില്‍ ഒരു മടിയുമില്ല. ഖേദപ്രകടനം എന്നത് അന്തസ്സിന്റെയോ അഹങ്കാരത്തിന്റെയോ കാര്യമല്ല. നമ്മുടെ വിദ്യാര്‍ത്ഥികളുടെ വികാരങ്ങളും ആശങ്കകളും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് സമ്മതിക്കുക മാത്രമാണ് ചെയ്യുന്നത്’ സ്വാതന്ത്ര്യദിനത്തില്‍ പുറത്തുവിട്ട കത്തില്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
















