തിരുവനന്തപുരം : എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് വീഴ്‌ച്ച പറ്റിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍.
”ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നു. അത് പാടുമ്പോൾ നേതാക്കന്മാരുടെ അസ്വസ്ഥമായ ഇടപെടലിൽ നിന്ന് പാർട്ടിയുടെ വന്ദേമാതരം സംബന്ധിച്ച നിലപാട് എന്താണെന്നുള്ളത് പ്രകടമാണ്. സംഘാടനത്തിൽ വന്ന വീഴ്‌ച്ച അക്ഷന്തവ്യമാണ്. അത് വിശദീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ” – രാജു പി നായര്‍ കുറിച്ചു. പോസ്റ്റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത് . വന്ദേമാതരം ആലപിച്ചതിന് താങ്കൾ ഏത് രാജ്യത്തോടാണ് മാപ്പ് പറയുന്നതെന്നും , പാകിസ്ഥാനോടാണോ എന്നുമാണ് പലരും ചോദിക്കുന്നത്.
എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആദ്യരണ്ട് ചരണങ്ങള്‍ കഴിഞ്ഞ് നിര്‍ത്താന്‍ ഇരുവരും ആവശ്യപ്പെട്ടിട്ടും ആലാപനം തുടരുകയായിരുന്നു.
ആലാപനം നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ഗായകര്‍ പൂർണ്ണമായി തന്നെ പാടുകയായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വന്ദേമാതരം വിലക്കിയതല്ല , മറിച്ച് ഖാർഗെയ്‌ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെട്ടതാണെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്. എന്നാൽ അതിനെ പൂർണ്ണമായും തള്ളുന്നതാണ് രാജു പി നായരുടെ പ്രസ്താവന.











