തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലിസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലിസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
കെപിസിസി വക്താവ് രാജു പി നായര്‍ നല്‍കിയ പരാതി പ്രകാരം സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശാനുസരണമാണ് നടപടി. കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മുഖ്യമന്ത്രി രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്നും ഈ രേഖകളുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നും ആന്റോ അഗസ്റ്റിന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് രേഖകള്‍ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഈ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വ്യാജരേഖകള്‍ നിര്‍മിച്ച് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണമെന്നും രാജു പി നായരുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.
















