കൊച്ചി: എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുടുംബത്തോടൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനായി ട്രെയിനിൽ കയറിയ യാത്രക്കാരനാണ് സീറ്റിന് സമീപം പാമ്പിനെ കണ്ടത്. തുടർന്ന് യാത്രക്കാർ ‘റെയിൽ മദദ്’ പോർട്ടൽ വഴി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
അറിയിപ്പ് ലഭിച്ചയുടൻ ശുചീകരണ തൊഴിലാളികൾ സ്ഥലത്തെത്തി ചത്ത പാമ്പിനെ കോച്ചിൽ നിന്ന് നീക്കം ചെയ്തു. ഇതിനു ശേഷമാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തിയ ട്രെയിനിൽ പ്രാഥമിക ശുചീകരണം പൂർത്തിയാക്കിയതാണെന്നും, ഇൻ‑ട്രെയിൻ ഹൗസ് കീപ്പിംഗ് സ്റ്റാഫാണ് സീറ്റുകൾ വൃത്തിയാക്കിയതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. പ്രീമിയം ട്രെയിനായ വന്ദേഭാരതിൽ പാമ്പ് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
















